'ആരോടാണ് ഇടയുന്നതെന്ന് നോക്കി ഇടഞ്ഞാൽ പ്രശ്നങ്ങളുണ്ടാവില്ല, പൊലീസ് കഥാപാത്രമല്ല യഥാർത്ഥ സുരേഷ് ​ഗോപി ഇങ്ങനെ തന്നെയാണ്'; മാധവ് സുരേഷ്

'ആരോടാണ് ഇടയുന്നതെന്ന് നോക്കി ഇടഞ്ഞാൽ പ്രശ്നങ്ങളുണ്ടാവില്ല, പൊലീസ് കഥാപാത്രമല്ല യഥാർത്ഥ സുരേഷ് ​ഗോപി ഇങ്ങനെ തന്നെയാണ്'; മാധവ് സുരേഷ്
Published on

മാധ്യമങ്ങളോട് സിനിമയിലെ പൊലീസ് കഥാപാത്രങ്ങളുടെ സ്വഭാവത്തിലല്ല സുരേഷ് ​ഗോപി പെരുമാറുന്നത് എന്ന് മകനും നടനുമായ ​മാധവ് സുരേഷ്. വഴി തടയുന്ന മാധ്യമങ്ങളെ പൊലീസിനെ ഉപയോ​ഗിച്ച് നീക്കാൻ തന്റെ അച്ഛന് കഴിയുമെങ്കിൽ പോലും അതിന് വേണ്ടി ഒരിക്കൽ പോലും അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് എന്നും സത്യസന്ധമായി മാത്രമേ അദ്ദേഹം പ്രതികരിച്ചിട്ടുള്ളൂ എന്നും മാധവ് സുരേഷ് പറയുന്നു. മാധ്യമ പ്രവർത്തകരോട് പൊലീസ് കഥാപാത്രങ്ങളുടെ രീതിയിൽ അല്ല അദ്ദേഹം സംസാരിക്കാറുള്ളത് എന്നും അത് അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവമാണ് എന്നും പറഞ്ഞ മാധവ് ആരുടെ അടുത്താണ് ഇടയുന്നത് എന്ന് നോക്കി ഇടഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാധവ് സുരേഷ് പറഞ്ഞത്:

അദ്ദേഹം ഒരു യൂണിയൻ മിനിസ്റ്ററാണ്. അത് സമ്മതിക്കുന്നു. അദ്ദേഹം പ്രതികരിക്കുന്നതിലുള്ള നിയന്ത്രണങ്ങൾ എന്തൊക്കെയാണ് എന്ന് ആളുകൾ എപ്പോഴും പറയും. അതേ സമയം ആ യൂണിയൻ മിനിസ്റ്ററിന് അവിടെ രണ്ട് ചോയിസാണ് ഉള്ളത്. അദ്ദേഹത്തിന് പൊലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാം. മീഡയയ്ക്ക് അദ്ദേഹത്തിലേക്ക് അടുക്കാൻ പോലും പറ്റില്ല. അങ്ങനെയൊരിക്കലും എന്റെ അച്ഛൻ ചെയ്തിട്ടില്ല, പകരം മീഡിയയ്ക്ക് എപ്പോഴും സത്യസന്ധമായ മറുപടികൾ മാത്രമാണ് അദ്ദേഹം നൽകിയിട്ടുള്ളത്. അതേ സമയം ഒരിടത്ത് നിന്ന് ഇറങ്ങി വന്ന് മറ്റൊരിടത്തേക്ക് പോകുന്ന സമയത്ത് വണ്ടിയിലോട്ടുള്ള വഴി ബ്ലോക്ക് ചെയ്യുന്ന ഒരാളെ അദ്ദേഹം എന്ത് ചെയ്യണം. ഒന്ന് പൊലീസിനെ വിളിച്ച് മാറ്റാം, രണ്ട് കൈകൊണ്ട് തട്ടി നീക്കാം. അങ്ങനെ തട്ടി നീക്കിയതാണോ പ്രശ്നം ?. ഒരാളുടെ വഴി തടയുന്നത് തെറ്റ് തന്നെയാണ്. ഒരു പൗരന്റെ അവകാശമാണല്ലോ അത്. ആരാണ് അവിടെ തെറ്റ് ചെയ്യുന്നത് എന്ന് ഈ പറഞ്ഞുകൊണ്ട് നടക്കുന്നവർ തന്നെ ആലോചിക്കേണ്ടതാണ്. സുരേഷ് ​ഗോപിയുടെ ഉള്ളിലുള്ള പൊലീസ് കഥാപാത്രം അല്ല ഇറങ്ങി വന്നിരിക്കുന്നത് അത് അദ്ദേഹ​ത്തിന്റെ സ്വഭാവമാണ്. ആരുടെ അടുത്താണ് ഇടയുന്നത് എന്ന് നോക്കി ഇടഞ്ഞ് കഴിഞ്ഞാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ല.

Related Stories

No stories found.
logo
The Cue
www.thecue.in