'മമ്മൂക്ക നടന്നു വരുന്ന ആ സീനിന് അത്രയും ഹൈ പോയിന്റുണ്ടെന്ന് മനസ്സിലായത് തിയറ്ററിലെ കയ്യടി കേട്ടപ്പോഴാണ്'; സുഷിൻ ശ്യാം

'മമ്മൂക്ക നടന്നു വരുന്ന ആ സീനിന് അത്രയും ഹൈ പോയിന്റുണ്ടെന്ന് മനസ്സിലായത് തിയറ്ററിലെ കയ്യടി കേട്ടപ്പോഴാണ്'; സുഷിൻ ശ്യാം
Published on

'ഭീഷ്മപർവ്വ'ത്തിലെ മമ്മൂട്ടിയുടെ ഫ്ലാഷ് ബാക്ക് സീനിൽ മ്യൂസിക്കിൽ ഒരു ഹൈ പോയിന്റുണ്ടെന്ന് തിരിച്ചറിഞ്ഞത് തിയറ്ററിൽ കേട്ട കയ്യടിയിൽ നിന്നാണെന്ന് സംഗീതസംവിധായകൻ സുഷിൻ ശ്യാം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായിരുന്നു 'ഭീഷ്മപർവ്വം'. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ ഏറ്റവും കൂടുതൽ കയ്യടി നേടിയ സീനായിരുന്നു മൈക്കിളപ്പന്റെ ഭൂതകാലം കാണിക്കുന്ന സീൻ‌. ചിത്രത്തിലെ ആ സീനിന് ​ഗംഭീര വരവേൽപ്പായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എന്നാൽ ആ സീനിന് അത്രയും ഹൈ പോയിന്റുണ്ടെന്ന് താൻ മനസ്സിലാക്കുന്നത് തിയറ്ററിൽ ആളുകൾ കയ്യടിക്കുമ്പോഴാണെന്ന് തുറന്ന് പറയുകയാണ് സുഷിൻ ശ്യാം.

സുഷിൻ‌ ശ്യാം പറഞ്ഞത്:

അദ്ദേഹത്തിന്റെ ഭൂതകാലത്തെ ഒരു സ്റ്റോറി ടെല്ലിം​ഗാണ് അവിടെ നടക്കുന്നത്. അദ്ദേഹം ആരാണെന്ന് അറിയുന്നത് അവിടെ നിന്നാണ്. ആ കഥയ്ക്കാണ് ഞാൻ മ്യൂസിക് ചെയ്തത് ആ നടത്തത്തിനല്ല. അദ്ദേഹത്തിന്റെ ഭൂതകാലത്തിന്റെ ഒരു ഹൈ പോയിന്റാണ് നടന്നു വരുന്ന സീനിൽ സംഭവിച്ചത്. മമ്മൂക്കയുടെ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ തീം അതിനകം തന്നെ ഉണ്ടാക്കിയിരുന്നു. മ്യൂസിക്കിന്റെ ഹൈ പോയിന്റ് ആ സീനിൽ വന്നുവെന്നേയുള്ളൂ. തിയറ്ററിലെത്തിയപ്പോൾ ആണ് എനിക്ക് അതൊരു ഹൈ പോയിന്റാണ് എന്ന് മസ്സിലായത്. അദ്ദേഹം കണ്ണട വച്ച് ഇങ്ങനെ കയ്യ് കൊണ്ട് തട്ടുമ്പോൾ‌ ആൾക്കാർ കയ്യടിക്കുന്നത് കണ്ടിട്ടാണ് ഓഹ് ഇതൊരു ഹൈ പോയിന്റായിരുന്നല്ലേ എന്ന് മനസ്സിലാകുന്നത്. ഓഡിയൻസിന്റെ പൾസ് എന്താണെന്ന് അമലേട്ടനാണ് കൂടുതലായി മനസ്സിലാവുന്നത്.

2022 മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപർവ്വം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലായി റിലീസിനെത്തിയത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ദേവദത്ത് ഷാജിയും അമല്‍ നീരദും ചേര്‍ന്നൊരുക്കിയ തിരക്കഥക്ക് സംഭാഷണം എഴുതിയത് ആര്‍. ജെ. മുരുകനാണ്. രവിശങ്കറിന്റേതാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേയ്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമര കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചത് വിവേക് ഹര്‍ഷനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in