'ആസിഫ് എന്റെ കുഞ്ഞ് അനുജൻ, അവൻ പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ‌സഹിക്കാൻ പറ്റില്ല'; ശരത്

'ആസിഫ് എന്റെ കുഞ്ഞ് അനുജൻ, അവൻ പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ‌സഹിക്കാൻ പറ്റില്ല'; ശരത്
Published on

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ രമേശ് നരായണെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നിരവധി സിനിമ- സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരാണ് ഇതിനകം രം​ഗത്ത് എത്തിയത്. ആസിഫ് അലിയെ പോലെ ഒരു പാവം ചെക്കൻ പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല എന്നും രമേശ് നാരായണിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച പരിഹരിക്കാൻ അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിക്കാൻ തയ്യാറായാൽ മതി എന്നും സംഭവത്തെക്കുറിച്ച് സം​ഗീതസംവിധായകൻ ശരത് ഫേസ്ബുക്കിൽ കുറിച്ചു.

ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കല എന്നത് ദൈവീകം ആണ് അത് പലർക്കും പല രൂപത്തിൽ ആണ് കിട്ടുന്നത്. ചിലർ അഭിനയത്തിൽ മറ്റു ചിലർ സംഗീതത്തിലോ ,ചിത്ര രചനയിലോ ,വാദ്യകലകളിലോ ,ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാനിധ്യം ഉണ്ട്. ആ ദൈവീക സാനിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മൾ കാണേണ്ടത്. പുരസ്കാര ദാന ചടങ്ങുകളിൽ നമക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും. അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്‌കാരം നൽകിയ കലാകാരന് വേദനിപ്പിച്ചു എങ്കിൽ,അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഒള്ളു.

രമേശ്‌ അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞൻ ആണ്, മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി. അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്. ആസിഫ് എന്റെ കുഞ്ഞു അനുജൻ ആണ്. എവിടെ കണ്ടാലും ആ നിഷ്കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല. അപ്പോൾ ആസിഫ്നോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു "പോട്ടെടാ ചെക്കാ" വിട്ടുകള... വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാരും ഉണ്ട്

സംഭവം വിവാദമായതിന് പിന്നാലെ നടൻ ആസിഫ് അലിയെ താൻ അപമാനിക്കാൻ ശ്രമിച്ചു എന്നത് തെറ്റിദ്ധാരണയാണ് എന്നും ആസിഫ് അലി തനിക്ക് അവാർഡ് തരാനാണ് വരുന്നത് എന്ന് പോലും തനിക്ക് മനസ്സിലായിരുന്നില്ല എന്നും രമേശ് നാരായൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

പരിപാടി നടക്കുന്ന സമയത്ത് ആന്തോളജിയിലെ എല്ലാ സിനിമകളുടെയും അണിയറ പ്രവർത്തകരെ ഒരുമിച്ച് വിളിച്ചാണ് അവാർഡ് നൽകിയത്. അതിനൊപ്പം തന്നെ വിളിച്ചിരുന്നില്ല. ആ സമയത്ത് താൻ അവിടെ ഇരിക്കുന്നുണ്ട്. അതിൽ തനിക്ക് വല്ലാതെ വിഷമം തോന്നിയിരുന്നു. അതിന് ശേഷമാണ് എംടിയുടെ മകൾ അശ്വതിയോട് ഇതേക്കുറിച്ച് പറഞ്ഞത്. 'അയ്യോ. സാർ അവാർഡ് വാങ്ങിയില്ലേ സാറിനെ വിളിച്ചില്ലേ' എന്ന് അശ്വതി ചോദിച്ചു. വിളിച്ചില്ല എന്ന് താൻ പറഞ്ഞു. അശ്വതിയാണ് ഇപ്പോൾ വിളിക്കാം സാർ എന്ന് പറഞ്ഞത്. അങ്ങനെയാണ് ആസിഫ് അലി തനിക്ക് അവാർഡ് തരുന്നതെന്നും രമേഷ് നാരായൺ പറഞ്ഞു. ആസിഫ് അലി തനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് എന്നും അദ്ദേഹത്തോട് തനിക്ക് യാതൊരുവിധത്തിലുമുള്ള വെെരാ​ഗ്യമില്ലെന്നും രമേശ് നാരായൺ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in