ഒരു അഡാർ ലവ്വ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനം മോഷ്ടിച്ചതാണെന്ന സത്യജിത്തിന്റെ ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിട്ടപ്പെടുത്താത്ത പാട്ടുകളുടെ ക്രെഡിറ്റ് താൻ ഒരിക്കലും എടുത്തിട്ടില്ലെന്നും 24/7 എന്ന ഓഡിയോ കമ്പനിയോട് സത്യജിത്തിന്റെ പേര് കമ്പോസർ ആയും തന്റെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും ഇടാൻ പറഞ്ഞിരുന്നു എന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഷാൻ റഹ്മാൻ പറയുന്നു. ഗായകരുടെ പേരുകളും മറ്റും യുട്യൂബിൽ കൃത്യമായാണോ നൽകിയിരിക്കുന്നതെന്ന് നോക്കുന്നത് ചലച്ചിത്ര നിർമാതാക്കളാണെന്നും യുട്യൂബിലും മറ്റ് പ്ലാറ്റ്ഫോമിലും നൽകിയിട്ടുള്ള വിവരങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തുമെന്നും ഷാൻ കൂട്ടിച്ചേർത്തു. താൻ ഇന്ന് വരെ ചെയ്ത എല്ലാ പാട്ടുകളിലും വച്ച് നോക്കുമ്പോൾ ഫ്രീക്ക് പെണ്ണേ ഒരു അടിച്ചുമാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം എന്നും കുറിപ്പിൽ ഷാൻ റഹ്മാൻ പറയുന്നു.
ഷാൻ റഹ്മാന്റെ പോസ്റ്റ് :
'ഒരു അഡാർ ലവ്' എന്ന സിനിമ വന്നപ്പോൾ സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ കണ്ട ഒരു ഗാനം ചിത്രത്തിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹിച്ചു. ഒരു പുതുമുഖത്തിന് അവസരം നൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങൾ അതുമായി മുന്നോട്ടുപോയി. കാക്കനാടുള്ള എന്റെ വീട്ടിൽ വച്ചാണ് സത്യജിത്തിനെ കണ്ടത്. അദ്ദേഹം എന്നെ പാട്ട് പാടികേൾപ്പിച്ചു. എനിക്ക് ഇഷ്ടപ്പെടുകയും യഥാർഥ വരികൾ നിലനിർത്തിക്കൊണ്ട് ഗാനം നിർമിക്കാമെന്ന് (പ്രോഗ്രാം, അറേഞ്ച്, പ്രൊഡ്യൂസ്) സമ്മതിക്കുകയും ചെയ്തു. സത്യജിത്തിന്റെ ശബ്ദത്തിൽ എന്റെ സ്റ്റുഡിയോയിൽ ഗാനം റെക്കോർഡ് ചെയ്തു.
സോഷ്യൽ മീഡിയയിലെ അത്തരം നിരവധി ഗാനങ്ങൾക്കിടയിൽ ഒന്നായി മാത്രം അവശേഷിക്കാവുന്ന ഒരു ഗാനം നിർമിക്കാൻ സഹായിക്കുക മാത്രമാണ് ഒമറും ഞാനും ചെയ്തത്. അതേ സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനം ഉൾപ്പെടെ ഞാൻ ചിട്ടപ്പെടുത്തിയിട്ടില്ലാത്ത പാട്ടുകളുടെ ക്രെഡിറ്റ് ഞാൻ ഒരിക്കലും എടുത്തിട്ടില്ല.
ഇത്തരം വിഭാഗങ്ങളിലെ കലാകാരന്മാരെ RAPPERS ആയാണ് കണക്കാക്കുന്നത്. സംഗീതസംവിധായകരായല്ല മറിച്ച് അവർക്ക് ഗായകരും ഗാനരചയിതാവും എന്ന നിലയിൽ ക്രെഡിറ്റ് നൽകും. EMINEM-നെ റാപ്പർ എന്ന് വിളിക്കുന്നത് പോലെ തന്നെയാണിത്. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ "എന്നിലെരിഞ്ഞുതുടങ്ങിയ തീക്കനൽ", കിങ് ഓഫ് കൊത്തയിലെ ടൈറ്റിൽ ഗാനം എന്നിവ ചെയ്ത Rzee, ഫെജോ തുടങ്ങിയ നിരവധി റാപ്പർമാർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
ഫ്രീക്ക് പെണ്ണേ അതിന്റെ സംഗീതനിർമാണത്തെ വളരെയധികം ആശ്രയിക്കുന്ന ഒരു ഗാനമാണ്. സംഗീതനിർമാണമില്ലാതെ ആ ഗാനം നടക്കില്ലായിരുന്നു. ഞാൻ പൂർണമായി ആസ്വദിച്ച് പൂർണമനസോടെയാണ് ആ ഗാനം ചെയ്ത്. ഇത് ഒരു റാപ്പ് ഗാനമാണ്. സത്യജിത്ത് എഴുതി, പാടിയ ഗാനം. മാണിക്യമലരായ പൂവിക്കും ഞങ്ങൾ സംഗീതസംവിധായകന് ക്രെഡിറ്റ് നൽകിയിരുന്നു.
പാട്ട് റിലീസ് ചെയ്തപ്പോൾ തന്നെ നിരവധി ഡിസ്‌ലൈക്കുകൾ ലഭിച്ചത് തികച്ചും വേദനിപ്പിച്ചിരുന്നു. സത്യജിത്തിന്റെ പേര് കമ്പോസർ ആയും എന്റെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടത്. യൂട്യൂബിലുള്ള ഗാനത്തിന്റെ വിവരങ്ങളിൽ ഇന്ന് മാറ്റം വരുത്തും. ഇന്ന് ഞായറാഴ്ച ആയതുകൊണ്ടുതന്നെ മറ്റ് പ്ലാറ്റ്ഫോമുകളിൽ നാളെ മാറ്റം വരുത്തും. ഒരുപാട് ഡിസ്‌ലൈക്കുകൾ കണ്ടപ്പോൾ വേദന തോന്നിയതിനാൽ ആദ്യ ദിവസം കണ്ടശേഷം പിന്നീട് ഗാനം യൂട്യൂബിൽ കണ്ടിട്ടില്ല. ഓഡിയോ കമ്പനികൾക്ക് "സംഗീതം രചിച്ചതും നിർമിച്ചതും ക്രമീകരിച്ചതും ഷാൻ റഹ്മാൻ" എന്ന് ഇടുന്ന ഒരു പൊതു രീതിയുണ്ട്. ഗായകരുടെ പേരുകളും മറ്റും ചലച്ചിത്ര നിർമാതാക്കളാണ് നോക്കുന്നത്. ഇന്ന് മുതൽ എല്ലായിടത്തും മാറ്റങ്ങൾ വരുത്തും. സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നു.
ഞങ്ങൾ അവസരങ്ങൾ നൽകുമ്പോൾ ആളുകൾ അത് നിസ്സാരമായി എടുക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്. ഭാവിയിൽ അത്തരം അവസരങ്ങൾ നൽകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കും. മികച്ച ഗാനങ്ങൾ സൃഷ്ടിക്കാൻ സത്യജിത്തിന് എല്ലാവിധ ആശംസകളും.
നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പട്ടണത്തിൽ ഭൂതം മുതൽ മലർവാടി, തട്ടം, ജെഎസ്ആർ, ഗോദ, മിന്നൽ, ജിമിക്കി, കുടുക്ക് വരെ... അടിച്ചു മാറ്റി എന്ന പദവി ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ പാട്ടുകളിലും വച്ച് നോക്കുമ്പോൾ ഫ്രീക്ക് പെണ്ണേ ഒരു അടിച്ചുമാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം.
കഴിഞ്ഞ ദിവസമാണ് താൻ ഈണം നൽകി ആലപിച്ച 'ഫ്രീക്ക് പെണ്ണേ' എന്നുതുടങ്ങുന്ന ഗാനം ക്രെഡിറ്റ് നൽകാതെ ഷാൻ റഹ്മാൻ സ്വന്തം പേരിൽ പുറത്തിറക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത് മുന്നോട്ട് വന്നത്. സിനിമയിൽ വരികൾക്കും ആലാപനത്തിനുമുള്ള ക്രെഡിറ്റ് മാത്രമേ തനിക്ക് ലഭിച്ചുവുള്ളുവെന്നും ഗാനത്തിന്റെ ഈണം നൽകിയത് താനാണെന്നും അതിന് തക്കതായ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെന്നും സത്യജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെക്കുറിച്ച് സംഗീത സംവിധായകൻ ഷാൻ റഹ്‌മാനോട് ചോദിച്ചപ്പോൾ കയർത്തു സംസാരിക്കുകയും ബ്ലോക്ക് ചെയ്യുകയുമാണ് ചെയ്‌തെന്നും സത്യജിത് കൂട്ടിച്ചേർത്തു. പിന്നീട് സിനിമയുടെ പിന്നണി പ്രവർത്തകരിലും ഒരുപാട് പേർ തഴയുകയും അവഗണനകൾ നേരിടുകയും ചെയ്തിരുന്നുവെന്നും പക്ഷെ അന്ന് എന്റെ പക്കൽ തെളിവുകൾ ഇല്ലയിരുന്നുവെന്നും സത്യജിത് കൂട്ടിച്ചേർത്തു.