മലയാള സിനിമയിൽ 20 വർഷം പൂർത്തിയാക്കി മുരളിഗോപി, ആശംസകളുമായി കനകരാജ്യത്തിന്റെ അണിയറ പ്രവർത്തകർ

മലയാള സിനിമയിൽ 20 വർഷം പൂർത്തിയാക്കി മുരളിഗോപി, ആശംസകളുമായി കനകരാജ്യത്തിന്റെ അണിയറ പ്രവർത്തകർ
Published on

മലയാള സിനിമയിൽ 20 വർഷം പൂർത്തിയാക്കുന്ന മുരളിഗോപിക്ക് ആശംസകളുമായി കനകരാജ്യം സിനിമയുട അണിയറ പ്രവർത്തകർ. 2004 ൽ ലാൽ‌ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് ഭരത് ഗോപിയുടെ മകനായ മുരളീകൃഷ്ണൻ എന്ന മുരളി ഗോപി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ നാട്ടുകാരുടെ പേടിസ്വപ്നമായ കാള ഭാസ്കരൻ എന്ന കഥാപാത്രത്തെയാണ് മുരളി ​ഗോപി അവതരിപ്പിച്ചത്. മുരളി ഗോപി തന്നെയാണ് രസികന്റെ തിരക്കഥയും രചിച്ചത്. ഇന്ത്യൻ എക്സ്പ്രസ്സിലും ദി ഹിന്ദുവിലും ജേണലിസ്റ്റായി ജോലി നോക്കിയിരുന്ന മുരളീകൃഷ്ണൻ എന്ന മുരളി ഗോപി ആ ജോലി രാജിവച്ചതിനുശേഷമാണ് സിനിമയിലേക്ക് ഇറങ്ങിയത്.

നീണ്ട 20 വർഷക്കാലം തന്റെ എഴുത്തിലൂടെ ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ തുടങ്ങിയ മികച്ച സിനിമകൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. കുറെയേറെ നല്ല കഥാപാത്രങ്ങളെയും തിരശ്ശീലയിൽ അവതരിപ്പിച്ചു. ഭ്രമരത്തിലെ അലക്സ് വർഗീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ചെഗുവേര റോയ്, ഈ അടുത്ത കാലത്തിലെ അജയ് കുര്യൻ, പാവയിലെ ദേവസിപ്പാപ്പൻ, കാറ്റിലെ ചെല്ലപ്പൻ, ആമിയിലെ മാധവദാസ്, ദൃശ്യം 2-വിലെ തോമസ് ബാസ്റ്റ്യൻ IPS, എന്നീ കഥാപാത്രങ്ങൾ അതിൽ പ്രധാനം.

മുരളി ​ഗോപിയുടേതായി അടുത്തതായി തിയറ്ററിൽ എത്താനിരിക്കുന്ന ചിത്രം സാഗർ ഹരിയുടെ സംവിധാനത്തിലെത്തുന്ന കനകരാജ്യമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന കുടുംബചിത്രമാണ് കനകരാജ്യം. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് ഇത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 20 വർഷത്തോളം മിലിട്ടറിയിൽ സേവനം അനുഷ്ട്ടിച്ച രാമേട്ടൻ ഒരു ജുവലറിയുടെ സെക്യൂരിറ്റി ജോലി ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാപശ്ചാത്തലം എന്നാണ് മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചന. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രം ജൂലൈ 5-ന് ചിത്രം തീയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in