'രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുക്കപ്പെടേണ്ടതല്ല', ഈ രീതി മാറണമെന്ന് മുരളി ഗോപി

'രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുക്കപ്പെടേണ്ടതല്ല', ഈ രീതി മാറണമെന്ന് മുരളി ഗോപി
Published on

സിദ്ധാര്‍ത്ഥ് ശിവയുടെ 'വര്‍ത്തമാനം' എന്ന ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെ ഭരണ പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

'രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തില്‍ അത് ഒരു ശീലമായി മാറിയെങ്കില്‍, അതിന്റെ അര്‍ഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്', മുരളി ഗോപി കുറിച്ചു.

പാര്‍വ്വതി തിരുവോത്ത് നായികയായ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ് അഡ്വ.വി.സന്ദീപ് കുമാര്‍ പറഞ്ഞത്. ജെ.എന്‍.യു സമരത്തിലെ മുസ്ലിം -ദളിത് പീഡനമാണ് സിനിമയുടെ പ്രമേയമെന്നും ബിജെപിയുടെ എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇതിനെതിരെ ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തിയിരുന്നു.

'രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുക്കപ്പെടേണ്ടതല്ല', ഈ രീതി മാറണമെന്ന് മുരളി ഗോപി
'തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദര്‍ശനാനുമതി നല്‍കുന്നത്', അംഗീകരിക്കാനാകില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്

മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തില്‍ അത് ഒരു ശീലമായി മാറിയെങ്കില്‍, അതിന്റെ അര്‍ഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്.

പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കില്‍, അവന്/അവള്‍ക്ക് മുന്നില്‍ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനില്‍ക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Murali Gopy Response On Varthamanam Issue

Related Stories

No stories found.
logo
The Cue
www.thecue.in