കുറുപ്പ് സിനിമയില്‍ ഷൈന്‍ ടോം ചാക്കോ ചെയ്ത ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ പ്രശംസിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഭാസിപ്പിള്ള ഷൈനിന്റെ അഭിനയജീവിതത്തിലെ സ്വര്ണപ്പതക്കമാണെന്നാണ് മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
'വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു... പാവന പുരസ്കാരം. ആ നിലയില്‍, ഇതിനു മുന്‍പും ഷൈന്‍ പുരസ്കൃതനാണ്. ഇത് ഒരു സ്വര്‍ണപ്പതക്കവും. 'ഗദ്ദാമ'യില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവന് എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരന് എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന.' - മുരളി ഗോപി
കഴിഞ്ഞ ദിവസം സംവിധായകന് ഭദ്രനും ഷൈനിന്റെ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്മാന് ആയി ഇരിക്കെ ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നതെന്നാണ് ഭദ്രന് പറഞ്ഞത്.
നവംബര്‍ 12നാണ് ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് തിയേറ്ററിലെത്തിയത്. ചിത്രത്തിലെ ഷൈനിന്റെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് റിലീസ് സമയത്തും ലഭിച്ചിരുന്നത്. ഷൈനിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപത്രമായിരുന്നു ഭാസിപ്പിള്ളയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.