കരൺ ജോഹറിന്റെ വാദം തെറ്റ്, ഇന്ത്യയിൽ സിനിമ കാണാൻ ഒരു കുടുംബത്തിന് 10000 ചിലവില്ല, പ്രതികരണവുമായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ

കരൺ ജോഹറിന്റെ വാദം തെറ്റ്, ഇന്ത്യയിൽ സിനിമ കാണാൻ ഒരു കുടുംബത്തിന് 10000 ചിലവില്ല, പ്രതികരണവുമായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ
Published on

ഇന്ത്യയിൽ ഒരു കുടുംബത്തിന് സിനിമ കാണാൻ 10000 രൂപ ചിലവാകുമെന്ന കരൺ ജോഹറിന്റെ വാദം തെറ്റാണെന്ന് മൾട്ടിപ്ലക്‌സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ വിവാദ പരാമർശം നടത്തിയത്. "ശരാശരി 2 സിനിമയാണ് ഒരു ഇന്ത്യൻ കുടുംബം ഒരു വർഷത്തിൽ തിയറ്ററിൽ പോയി കാണുന്നത്. തിയറ്ററുകളിലെ വലിയ ചിലവുകൾ പരിഗണിച്ച് കുടുംബ പ്രേക്ഷകർ സിനിമ കാണാൻ എത്തുന്നത് കുറഞ്ഞു. 100 കുടുംബങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഒരു പഠനത്തിൽ 90 വീടുകളിൽ ഉള്ളവർക്കും തിയറ്ററിൽ വരാൻ താല്പര്യം കുറവാണെന്നായിരുന്നു കണ്ടെത്തൽ. ചിലവ് താങ്ങാനാകുന്നില്ല എന്നാണ് അവർ പറയുന്നത്. കുട്ടികൾ പോപ്കോൺ ആവശ്യപ്പെടുമ്പോൾ തടസ്സം പറയുന്നത് സങ്കടകരമാണെന്നും അവർ പറഞ്ഞു. തുക കൂടുതൽ ചിലവാക്കുന്നത് ഭക്ഷണ സാധനങ്ങൾക്കാണ്. നാല് പേരുള്ള ഒരു കുടുംബത്തിന് സിനിമയ്ക്കുവേണ്ടി 10000 രൂപയാണ് ചിലവാകുന്നത്." കരൺ ജോഹർ പറഞ്ഞു. വെട്രിമാരൻ, സോയ അക്തർ, പാ രഞ്ജിത്ത്, മഹേഷ് നാരായണൻ എന്നിവർ അടങ്ങുന്ന ഇന്ത്യയിലെ പ്രമുഖ സംവിധായകർ പങ്കെടുത്ത അഭിമുഖ പരിപാടിയിലാണ് കരൺ ജോഹർ പരാമർശം നടത്തിയത്.

കരൺ ജോഹറിന്റെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മൾട്ടിപ്ലക്‌സ് തിയറ്ററുകളുടെ സംഘടനയായ മൾട്ടിപ്ലക്‌സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത് വന്നിരിക്കുകയാണ്. 2023 ൽ സിനിമയുടെ ശരാശരി ടിക്കറ്റ് വില എന്നുള്ളത് 132 രൂപയാണെന്നും ഇതിന്റെ അടിസ്ഥാനമാക്കി കണക്കു കൂട്ടുമ്പോൾ 1560 രൂപയാണ് ഒരു കുടുംബത്തിന് ചിലവാകുന്നതെന്നും വാർത്താ കുറിപ്പിൽ അസോസിയേഷൻ പറഞ്ഞു. 10000 രൂപ വേണം എന്ന് പറയുന്നതിൽ നിന്ന് ഈ കണക്കുകൾക്ക് ഒരുപാട് വ്യത്യാസങ്ങളുണ്ട്. സിനിമയുടെ കണ്ടന്റും അത് അവതരിപ്പിക്കുന്ന രീതിയുമാണ് ജനങ്ങളെ തിയറ്ററിലേക്ക് ആകർഷിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. രൂപയുടെ മൂല്യം കുറയുന്നതും ടിക്കറ്റ് വിലയെ ബാധിക്കുന്നുണ്ട്. മാർക്കറ്റിങ് മേഖലയും തിയറ്ററിലെ സിനിമാ ആസ്വാദനത്തെ സ്വാധീനിക്കുന്നുണ്ട്. മുഴുവൻ കാര്യങ്ങളും മനസ്സിലാക്കി സിനിമാ ആസ്വാദനത്തിന് ചിലവാകുന്ന തുക കണക്കു കൂട്ടുക എന്നത് സങ്കീർണ്ണമായ പ്രക്രിയ ആണെന്നും അസോസിയേഷന്റെ കുറിപ്പിൽ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in