'ലോകം എന്തും പറയട്ടെ, അവള്‍ എന്റേതാണ്'; വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുക്ത

'ലോകം എന്തും പറയട്ടെ, അവള്‍ എന്റേതാണ്'; വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുക്ത
Published on

ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയില്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി നടി മുക്ത. മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമാണ് മുക്ത മകളുടെ സാനിധ്യത്തില്‍ പരിപാടിയില്‍ വെച്ച് പറഞ്ഞത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്ന് വന്നത്.

'അവള്‍ എന്റെതാണ്. ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അത് ഷെയര്‍ ചെയ്തു സമയം കളയാതെ. ഒരുപാട് പേര് നമ്മളെ വിട്ട് പോയി, പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കു.' എന്നാണ് വിഷയത്തില്‍ മുക്തയുടെ പ്രതികരണം.

അഞ്ച് വയസ് പ്രായമുള്ള തന്റെ മകള്‍ കിയാരക്കൊപ്പമാണ് മുക്ത സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നതെന്ന അവതാരികയുടെ ചോദ്യത്തിനായിരുന്നു മുക്തയുടെ വിവാദ മറുപടി.

'അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്ങ്, ക്ലീനിങ്ങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്.' എന്നാണ് മുക്ത പറഞ്ഞത്. അതിന് പിന്നാലെ പരിപാടിയിലെ ബിനു അടിമാലി 'ഇതെന്താ ബാലവേലയാണോ?' എന്ന സംശയവും ഉന്നയിച്ചു. അതിന് 'അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ...ആര്‍ട്ടിസ്റ്റൊക്കെ കല്യാണം കഴിയുന്നത് വരെയാണ്. അത് കഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണ്. ഇവളും വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ?' എന്നാണ് മുക്ത മറുപടി പറഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും കാട്ടി അഡ്വ. ഷഹീന്റെ നേതൃത്വത്തില്‍ എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ വിനോദ് തുടങ്ങിയവര്‍ ചേര്‍ന്ന് വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും ഒരു തുറന്ന കത്തയച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in