മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റി; ബി.ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ തുടരും

മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റി; ബി.ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ തുടരും
Published on

നടനും സിപിഎം എംഎല്‍എയുമായ മുകേഷ് സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് പുറത്ത്. മുകേഷിനെ ഒഴിവാക്കണമെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു. മുകേഷിനെ മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സൂചന നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് തൊട്ടു പിന്നാലെ മുകേഷിനെതിരെ മുന്‍പ് ഉയര്‍ന്ന മീ ടൂ ആരോപണം വീണ്ടും സജീവമായി. തൊട്ടു പിന്നാലെ മറ്റൊരു നടി ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തില്‍ മുകേഷിനെതിരെ പോലീസ് കേസെടുത്തു. സിനിമയിലെ ലൈംഗിക പീഡന പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. ലൈംഗിക പീഡനാരോപണത്തില്‍ പെട്ടതിനെത്തുടര്‍ന്ന് മുകേഷ് രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അതേ സമയം സിനിമാ നയരൂപീകരണ സമിതി അംഗത്വത്തില്‍ നിന്ന് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയിലുള്ള സിനിമാ നയ രൂപീകരണ സമിതിയില്‍ മുകേഷിനെ കൂടാതെ ബി.ഉണ്ണികൃഷ്ണന്‍, മഞ്ജു വാര്യര്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് അംഗങ്ങള്‍. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന് മുന്നോടിയായാണ് സമിതി രൂപീകരിച്ചത്. നവംബര്‍ മാസത്തിലായിരിക്കും കോണ്‍ക്ലേവ് നടക്കുക. അഞ്ച് ദിവസം വരെ നീളാനിടയുള്ള പരിപാടിയില്‍ വിദേശ പ്രതിനിധികളടക്കം 350 പേര്‍ പങ്കെടുക്കും. ഡബ്ല്യുസിസി പങ്കെടുക്കില്ലെന്നാണ് സൂചന. പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിനയന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

നടി നല്‍കിയ പരാതിയില്‍ കൊച്ചി, മരട് പൊലീസാണ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നത്. ഐപിസി 376 (ബലാത്സംഗം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം), 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം), 452 (അതിക്രമിച്ചുകടക്കല്‍) തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in