മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂര്‍വ്വം' പൂനെയില്‍ ചിത്രീകരണം ആരംഭിക്കും. എമ്പുരാന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ചിത്രത്തില്‍ ചേരും. ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവിന്റെ തിരക്കഥയിലാണ് ഇക്കുറി സത്യന്‍ അന്തിക്കാട് ചിത്രം ഒരുക്കുന്നത്. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം എന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നത്. എത്ര വര്‍ഷം കഴിഞ്ഞാലും മോഹന്‍ലാല്‍ എന്നും തന്റെ പ്രിയപ്പെട്ട നടനാണ് എന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വം.
അമാനുഷികനായിരിക്കില്ല, നമ്മളില്‍ ഒരാളായിട്ടായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രം സിനിമയില്‍ എത്തുക എന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തിയത്. ആശീര്‍വാദ് സിനിമാസ് തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ജയറാം, മീരാജാസ്മിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ മകള്‍ ആണ് ഒടുവിലായി തിയറ്ററുകളിലെത്തിയ സത്യന്‍ അന്തിക്കാട് ചിത്രം.
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രവും പണിപ്പുരയിലാണ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ഇരുവരും ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. അന്‍പതോളം സിനിമകളില്‍ ഇതുവരെ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചിട്ടുണ്ട്. 2013ല്‍ റിലീസ് ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ് അവസാനമായി ഇരുവരും ഒരുമിച്ചെത്തിയത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസാണ് ഇനി തിയറ്ററിലെത്താനിരിക്കുന്ന ചിത്രം. ഒക്ടോബറില്‍ ബറോസ് തിയറ്ററുകളിലെത്തും. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.