ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രമാണ് എലോണ്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് കഥാപാത്രമായുള്ളതെന്ന് സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുകയാണ്. എലോണില്‍ താന്‍ മാത്രമാണ് ഉള്ളതെന്ന് മോഹന്‍ലാല്‍ ദ ക്യുവിനോട് പറഞ്ഞു.
ചിത്രം സാധാരണ സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥയാണ് കൈകാര്യം ചെയ്യുന്നതെന്നും മോഹന്‍ലാല്‍. പതിനെട്ട് ദിവസം കൊണ്ടാണ് എലോണിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്.
'അഭിനയ രീതിയിലും സ്‌ക്രിപ്റ്റിലും എല്ലാം കാലങ്ങള്‍ മാറുന്നത് അനുസരിച്ച് തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാവും. ഞാന്‍ ഇപ്പോള്‍ ചെയ്ത എലോണ്‍ എന്ന സിനിമയില്‍ ഞാന്‍ മാത്രമെ ഉള്ളു. അങ്ങനെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അങ്ങനെയൊരു സിനിമ വളരെ വ്യത്യസ്തമായ കഥയാണ്. അതുകൊണ്ട് തന്നെ ആ സിനിമ സാധാരണ രീതിയില്‍ ചിത്രീകരിച്ചാല്‍ ശരിയാവില്ല. ആളുകളെ ഇന്‍ട്രസ്റ്റിങ്ങ് ആക്കുന്ന തരത്തിലുള്ള ലെന്‍സിങ്ങ് വേണം. പിന്നെ അതിന് വേണ്ടി നമ്മള്‍ ഒരു സെറ്റ് ഇട്ടു. അത് നമ്മള്‍ ഒരു വീട്ടില്‍ പോയി ചിത്രീകരിച്ചാല്‍ ശരിയാവില്ല.' - മോഹന്‍ലാല്‍
ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നവക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.