എം. ടി വാസുദേവൻ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയിലെ പ്രിയദർശൻ - മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. എം. ടി വാസുദേവൻ നായരുടെ ഓളവും തീരവും എന്ന ചെറുകഥയാണ് സിനിമയാക്കുന്നത്. 1960ൽ എം. ടിയുടെ തന്നെ രചനയിൽ പി. എം മേനോൻ സംവിധാനം ചെയ്ത് ഇതേ പേരിൽ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. ഇപ്പോഴിതാ മോഹൻലാലിനെയും ദുർഗാ കൃഷ്ണയെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുമ്പോഴും 'ഓളവും തീരവും' എത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമെന്ന ഖ്യാതി നേടിയ ചിത്രം കൂടിയാണ് 'ഓളവും തീരവും'.
മോഹൻലാലാണ് പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി അഭിനയിക്കുന്നത്. 'മരക്കാർ - അറബിക്കടലിന്റെ സിംഹത്തിന്' ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണ് 'ഓളവും തീരവും'. ജോസ് പ്രകാശ് അഭിനയിച്ച വില്ലൻ കഥാപാത്രം കുഞ്ഞാലിയായി വേഷമിടുന്നത് ഹരീഷ് പേരടിയാണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ. ന്യൂസ് വാല്യൂ പ്രൊഡക്ഷൻസ് ലിമിറ്റഡും ആർ. പി. എസ്. പി സരിഗമ ഇന്ത്യ ലിമിറ്റഡും ചേർന്നാണ് എം. ടിയുടെ കഥകളുടെ സമാഹാരമായ ആന്തോളജി സീരിസ് നിർമ്മിക്കുന്നത്.
ബാപ്പുട്ടിയായി പെരുമഴയത്ത് ചങ്ങാടം തുഴയുന്ന മോഹൻലാലിൻറെ വീഡിയോ കഴിഞ്ഞ ദിവസം വയറലായിരുന്നു. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'അഭയം തേടി വീണ്ടും', ശ്യാമപ്രസാദിന്റെ 'കാഴ്ച്ച', രതീഷ് അമ്പാട്ടിന്റെ 'കടൽ കാറ്റ്', ജയരാജ് സംവിദാനം ചെയ്ത 'സ്വർഗം തുറക്കുന്ന സമയം', അശ്വതി വി നായരുടെ 'വില്പന', പ്രിയദർശൻ സംവിധാനം ചെയ്ത 'ശിലാലിഖിതം', മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'ഷെർലോക്ക്' എന്നിവയാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങൾ.