'ഈ സിനിമ കണ്ടപ്പോൾ ഞാനും എൻ്റെ പഴയ കാലങ്ങളിലേക്ക് പോയി' ; വർഷങ്ങൾക്ക് ശേഷം കണ്ട് മോഹൻലാൽ

'ഈ സിനിമ കണ്ടപ്പോൾ ഞാനും എൻ്റെ പഴയ കാലങ്ങളിലേക്ക് പോയി' ; വർഷങ്ങൾക്ക് ശേഷം കണ്ട് മോഹൻലാൽ
Published on

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ വർഷങ്ങൾക്ക് ശേഷത്തെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ചിത്രം കണ്ടപ്പോൾ ഞാനും എൻ്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി (PHILOSOPHICAL SMILE) ഈ സിനിമ കാത്തു വച്ചിരിക്കുന്നെന്നും ചിത്രം കണ്ടതിന് ശേഷം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാലും സുചിത്ര മോഹൻലാലും സിനിമ കാണുന്ന ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

മോഹൻലാലിൻറെ പോസ്റ്റന്റെ പൂർണ്ണ രൂപം :

കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ...? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എൻ്റെ പഴയ കാലങ്ങളിലേക്ക് പോയി.

കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി (PHILOSOPHICAL SMILE) ഈ സിനിമ കാത്തു വച്ചിരിക്കുന്നു.

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി

സ്നേഹപൂർവ്വം

മോഹൻലാൽ

ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. 3 കോടിയാണ് ചിത്രം ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. നിവിൻ പോളിയുടെ തിരിച്ചുവരവിന്റെ പേരിലും ധ്യാൻ ശ്രീനിവാസന്റെ പ്രകടനത്തിനും ചിത്രം കൈയ്യടി നേടുന്നു. സിനിമക്ക് പിന്നാലെ ട്രെൻഡിം​ഗ് ഹാഷ് ടാ​ഗുമാണ് നിവിൻ പോളി. ചിത്രത്തിൽ എക്സ്റ്റൻഡ് കാമിയോ റോളിലാണ് നിവിൻ പോളി എത്തുന്നത്. റിലീസ് ചെയ്തു അഞ്ച് ദിവസം പിന്നിടുമ്പോൾ ചിത്രം 35 കോടിയോളമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in