ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എലോണിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പതിനെട്ട് ദിവസം കൊണ്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതെന്ന് ഷാജി കൈലാസ്. ഷൂട്ടിങ്ങ് കൃത്യമായ രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ പ്രയത്‌നിച്ച സഹപ്രവര്‍ത്തകര്‍ക്കും മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഷാജി കൈലാസ് നന്ദി അറിയിക്കുകയും ചെയ്തു.
'ഇന്ന് പതിനെട്ടാം ദിവസം. Alone പാക്കപ്പായി. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുവാന്‍ എന്നോടൊപ്പം പ്രയത്‌നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനുമുപരി എപ്പോഴും സ്‌നേഹവും പ്രതീക്ഷയും നല്‍കുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകര്‍ക്ക് ഒത്തിരിയൊത്തിരി നന്ദി.' - ഷാജി കൈലാസ്
അതേസമയം 12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നതെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമായിരിക്കും കഥാപാത്രമായി ഉണ്ടായിരിക്കുക എന്നും സൂചനയുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്. 2002ല്‍ പുറത്തിറങ്ങിയ നരസിംഹമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം. ഇരുവരും ഒന്നിച്ച അവസാന ചിത്രം 2009ലെ റെഡ് ചില്ലീസ് എന്ന ക്രൈം ത്രില്ലറാണ്.
ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നവക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.