‘ബറോസി’ലേക്ക് പ്രതാപ് പോത്തനെ ക്ഷണിച്ച് മോഹന്‍ലാല്‍; മലയാളത്തില്‍ നിന്നുള്ള ആദ്യ അഭിനേതാവ്
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ല്‍ മലയാളത്തില്‍ നിന്നുളള ആദ്യ അഭിനേതാവായി പ്രതാപ് പോത്തന്‍. ചിത്രത്തില്‍ ‘മന്ത്രവാദപ്പാവ’യായാണ് താനെത്തുന്നതെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍പ് 'ആന്‍ഡ്രോക്കിള്‍സ് ആന്റ് ലയണ്‍' എന്ന നാടകത്തില്‍ സിംഹമായി താന്‍ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ഇപ്പോഴാണ് ഇത്തരത്തിലൊരു കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. സിനിമ ഇപ്പോള്‍ പ്രിപ്രൊഡക്ഷന്‍ സ്റ്റേജിലാണെന്നും മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചു.
പ്രീ പ്രൊഡക്ഷന്‍ കൃത്യതയോടെ പൂര്‍ത്തിയാക്കിയും നേരത്തെ നിശ്ചയിച്ച കമ്മിറ്റ്മെന്റുകള്‍ തീര്‍ത്തും ബറോസിലേക്ക് കടക്കാമെന്ന് വച്ചതിനാലാണ് ഷൂട്ടിംഗ് 2020 ജൂണ്‍ അവസാനത്തോടെ മതിയെന്ന് ലാല്‍ തീരുമാനിച്ചതെന്നറിയുന്നു. ബറോസ് പ്രീ പ്രൊഡക്ഷന്‍ ഒരു വര്‍ഷമായി നടക്കുന്നുണ്ട്. ജിജോയുടെ നേതൃത്വത്തില്‍ സിനിമയുടെ തിരക്കഥയിലെ മിനുക്കുപണികളും പുരോഗമിക്കുന്നുണ്ട്. കെ യു മോഹനനാണ് ക്യാമറ.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.