ഒരു മലയാള സിനിമ എന്നതിലുപരി 'ബറോസി'നെ ഇന്റർനാഷണൽ ഫോർമാറ്റിലേക്ക് ഉയർത്താൻ ശ്രമിച്ചിട്ടുണ്ട് എന്നേ പറയാനാകൂവെന്ന് മോഹൻലാൽ. ബറോസ് ഡിസംബർ 19ന് റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ മോഹൻലാൽ ചിത്രത്തെക്കുറിച്ച് പങ്കുവച്ച പ്രതീക്ഷകൾ കൂടി ചർച്ചയാവുകയാണ്. നേരത്തെ ഒക്ടോബറിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ബറോസ്. ദേശാഭിമാനി അഭിമുഖത്തിലാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് ദീർഘമായി സംസാരിച്ചിരിക്കുന്നത്.
ബറോസിനെക്കുറിച്ച് മോഹൻലാൽ
മൂന്നു വർഷത്തെ പരിശ്രമവും അതിനുവേണ്ടിയായിരുന്നു. സിനിമയുടെ ടോട്ടാലിറ്റിയിൽ വളരെ വ്യത്യസ്തമായ രീതിയിലാണ് 'ബറോസ്' ഷൂട്ട് ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞല്ലോ. കുറച്ചു ദീർഘമായ ഷോട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മ്യൂസിക്കുമായി കണക്റ്റ് ചെയ്യാൻ വേണ്ടിയാണത്. ആദ്യമേ അത്തരത്തിൽ പ്ലാൻ ചെയ്തിരുന്നു. പെട്ടെന്ന് പെട്ടെന്ന് ഷോട്ടുകൾ കട്ട് ചെയ്താൽ സിനിമ കണ്ടുകൊണ്ടിരിക്കുന്നവർക്ക് സ്ട്രെയിൻ ഉണ്ടാകും. അതൊക്കെ ഉൾക്കൊണ്ട്, കാഴ്ചക്കാരെ മനസ്സിൽ കണ്ടുകൊണ്ടാണ് ഷോട്ടുകൾ എടുത്തത്.
നിമിത്തങ്ങളെന്ന പോലെ എന്നിലേക്ക് വന്നുചേർന്ന ഭാഗ്യങ്ങളിലൊന്നാണ് 'ബറോസി'ലെ ഭൂതവും. ഫോട്ടോ: അനീഷ് ഉപാസന നാൽപ്പത്തിയാറു വർഷങ്ങൾക്കിടയിൽ ഞാനവതരിപ്പിച്ച ഓരോ കഥാപാത്രവും പലരീതിയിൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി അറിവുള്ള ഒന്നല്ല ഞാൻ അഭിനയിക്കുന്നത് എന്ന പുതുമ ഓരോ അഭിനയാനുഭവത്തിലുമുണ്ട്. ആ പുതുമ 'ബറോസി'ലെ ഭൂതത്തിലും എനിയ്ക്കനുഭവിക്കാൻ കഴിഞ്ഞു. നിങ്ങളുടെ കാഴ്ചകളിലും ആ പുതുമ നിറഞ്ഞുനിൽക്കുമെന്ന് ഞാൻ കരുതുന്നു.
എന്ത് കൊണ്ട് ബറോസിൽ കൂടുതൽ വിദേശതാരങ്ങൾ, മോഹൻലാലിന് പറയാനുള്ളത്
തുടക്കവും ഒടുക്കവും പോർച്ചുഗീസ് പരമ്പരാഗത ഗാനങ്ങളിലാണ്. ലോകത്തിലെ പ്രമുഖരായ മ്യൂസിക് ഡയറക്ടേഴ്സ് മുതൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ലിഡിയൻ നാധസ്വരം വരെ 'ബറോസി'ന്റെ പിന്നണിയിലുണ്ട്. ലിഡിയൻ നാധസ്വരം മാർക് കിലിയൻ നിരവധി ഹോളിവുഡ് ഫിലിംസിനുവേണ്ടി സംഗീതമൊരുക്കി ഒരുപാട് അംഗീകാരങ്ങൾ നേടിയ മാർക് കിലിയാനാണ് റീ റിക്കാർഡ് ചെയ്തിരിക്കുന്നത്. അഭിനേതാക്കളും സംഗീതജ്ഞരുമൊക്കെ പുറത്തുനിന്നുള്ളവരായത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു സിനിമയിൽ ഇന്ത്യയിൽ നിന്നുള്ളവരായാൽ അതിന് ഇന്ത്യൻ ഫിലിമിന്റെ ഫീൽ ആയിരിക്കും ഉണ്ടാവുക. പുറത്തുനിന്നുള്ളവരായാൽ ഒരു ഇന്റർനാഷണൽ ഫിലിമിന്റെ ഗ്രൗണ്ട് സ്കോർ ഉണ്ടാകും. അതുകൊണ്ടാണ് സംഗീതജ്ഞരെയും അഭിനേതാക്കളെയുമൊക്കെ പുറത്തുനിന്നു വിളിച്ചത്.
മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് തനിക്കൊരു ചലഞ്ചായിരുന്നുവെന്ന് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. കോംപ്ലിക്കേറ്റഡ് ഷോട്ടുകളാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നത്.
സന്തോഷ് ശിവന്റെ വാക്കുകള്‍:
ലാല്‍ സാര്‍ വളരെ ഫോക്‌സ്ഡ് ആയ സംവിധായകനാണ്. അദ്ദേഹം നൂറ് ശതമാനവും സിനിമയിലേക്ക് കൊടുക്കുന്നുണ്ട്. എല്ലാം അദ്ദേഹത്തിന്റെ രീതിയില്‍ തന്നെ ചെയ്യണമെന്നാണ് ആഗ്രഹവും. ചിത്രീകരണ സമയത്ത് ഷോട്ടിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ചില സമയത്ത് അദ്ദേഹത്തിന്റെ ഭയങ്കര കോംപ്ലിക്കേറ്റഡായ ഷോട്ടുകള്‍ എടുക്കണം എന്നൊക്കെ പറയും. അതൊരു ചലഞ്ചായാണ് ഞാന്‍ കണ്ടിട്ടുള്ളത്. അല്ലാതെ ഒരിക്കലും അതൊരു പ്രശ്‌നമല്ല. പിന്നെ ഷൂട്ടിങ്ങ് സമയത്ത് ജോഷി സര്‍, സത്യന്‍ അന്തിക്കാട് എന്നിവരൊക്കെ സെറ്റില്‍ വന്നിരുന്നു. അവരെല്ലാം ലാല്‍ സാറിന്റെ ഡയറക്ഷനും കണ്ടിരുന്നു.
ആദ്യ ഷെഡ്യൂളില്‍ ചിത്രീകരിച്ചത് പൂര്‍ണമായും ഉപേക്ഷിച്ചാണ് ബറോസ് 2021 ഡിസംബറില്‍ വീണ്ടും ചിത്രീകരിച്ച് തുടങ്ങിയത്. നേരത്തെ സിനിമയില്‍ നിര്‍ണായ കഥാപാത്രമായി പൃഥ്വിരാജ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ റീ ഷൂട്ടില്‍ പൃഥ്വിരാജിന് പകരം മറ്റൊരാളാണ് ഈ റോളില്‍. ആടുജീവിതം ഫൈനല്‍ ഷെഡ്യൂളിന് ജോയിന്‍ ചെയ്യേണ്ടതിനാല്‍ പൃഥ്വിരാജ് ബറോസില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
മോഹന്‍ലാല്‍ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞത്
കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടിവരുന്നത്. ബറോസില്‍ അഭിനയിച്ചിരുന്ന കുട്ടിക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. വിദേശത്തുള്ള ചിലര്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ ചിത്രീകരിച്ചത് അത്രയും ഷെല്‍വ് ചെയ്യുകയാണ്.