ചെെനീസും കൊറിയയും കടന്ന് ഇനി ഹോളിവുഡിലേക്ക്, ചരിത്രമായി ജീത്തു ജോസഫിന്റെ ദൃശ്യം റീമേക്ക്

ചെെനീസും കൊറിയയും കടന്ന് ഇനി ഹോളിവുഡിലേക്ക്, ചരിത്രമായി ജീത്തു ജോസഫിന്റെ ദൃശ്യം റീമേക്ക്
Published on

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമായ ദൃശ്യം ഹോളിവുഡ് റീമേക്കിനൊരുങ്ങുന്നു. സിനിമയുടെ ഇന്ത്യൻ–ഇതര ഭാഷ റീമേക്കുകളുടെ അവകാശം സ്വന്തമാക്കിയ പനോരമ സ്റ്റുഡിയോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് കമ്പനികളായ ഗൾഫ്സ്ട്രീം പിക്ചേഴ്സും ജോട്ട് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേര്‍ന്നാകും ദൃശ്യം റീമേക്കിന്റെ നിർമാണം നിർവഹിക്കുക. ഫിലിപ്പിനോ, സിംഹള, ഇന്തോനേഷ്യൻ എന്നിവ ഒഴികെ ഇംഗ്ലിഷ് ഉൾപ്പെടെ മറ്റെല്ലാ വിദേശ ഭാഷകളുടെയും അവകാശമാണ് പനോരമ ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

ദൃശ്യത്തിൻ്റെ സമർത്ഥമായ ആഖ്യാനത്തിന് സാർവത്രിക ആകർഷണമുണ്ട്, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കൊപ്പം ഈ കഥ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം, അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 10 രാജ്യങ്ങളിൽ 'ദൃശ്യം' നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് പനോരമയുടെ ചെയർമാനും എംഡിയുമായ കുമാർ മങ്ങാട്ട് പഥക് പറഞ്ഞു.

2013-ൽ പുറത്തിറങ്ങിയ ചിത്രം വൻവിജയമായതിന് പിന്നാലെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അജയ് ദേവ്​ഗൺ നായകനായെത്തിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നാലെ കൊറിയൻ ഭാഷയിലുള്ള റീമേക്കും പ്രഖ്യാപിച്ചു. പനോരമ സ്റ്റുഡിയോസ് തന്നെയാണ് ദൃശ്യം കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശവും സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഇറങ്ങിയ സമയത്ത് ഇത് കൊറിയൻ സിനിമയുടെ റീമേക്ക് ആണെന്ന ആരോപണങ്ങൾ ചിത്രത്തിന് നേരെ ഉയർന്നിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു കൊറിയന്‍ റീമേക്കിന്റെ പ്രഖ്യാപനം. മലയാള സിനിമ പുതിയ മേഖലയിലേക്ക് പോകുന്നു. അതില്‍ ദൃശ്യം ഒരു കാരണമാകുന്നതില്‍ സന്തോഷമുണ്ടെന്നും കൊറിയയിലും ചിത്രമൊരു വലിയ വിജയമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നെന്നുമാണ് അന്ന് സംവിധായകൻ ജീത്തു ജോസഫ് ക്യൂ സ്റ്റുഡിയോയോട് പ്രതികരിച്ചത്.

ഐ സോ ദ് ഡെവിൾ എന്ന സിനിമയിലൂടെ ലോക സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയനായ സംവിധായകന്‍ കിം ജൂ വൂണ്‍ ആയിരിക്കും ജീത്തു ജോസഫിന്റെ ദൃശ്യം കൊറയിൻ ഭാഷയിൽ ഒരുക്കുക. ദ് ഹോസ്റ്റ്, മെമറീസ് ഓഫ് മർഡർ, പാരസൈറ്റ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ സോങ് കാങ് ഹോ ആകും നായകൻ. റീമേക്ക് ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും മികച്ച വിജയം കെെവരിച്ച ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പിന്നീട് എത്തിയത് ഒടിടിയിലൂടെയാണ്. 2021 ല്‍ എത്തിയ ദൃശ്യം 2 വും ഹിന്ദി അടക്കമുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in