ബിഗ് ബ്രദര്‍ കഴിഞ്ഞാല്‍ ബ്രേക്ക്, ബറോസ് ഷൂട്ട് ചെയ്യാന്‍ മോഹന്‍ലാല്‍
സംവിധായകനാകുന്ന ആദ്യ സിനിമയ്ക്കായി മോഹന്‍ലാലിന്റെ ബ്രേക്ക്. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒക്ടോബറില്‍ സ്വന്തം സംവിധാനത്തിലുള്ള ത്രീഡി ചിത്രം ബറോസ് ചിത്രീകരണത്തിലേക്ക് ലാല്‍ കടക്കും. ഗോവയാണ് പ്രധാന ലൊക്കേഷന്‍. മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ജിജോ പുന്നൂസ് ബറോസിന്റെ ടെക്‌നിക്കല്‍ ഡയറക്ടറും കഥാകൃത്തുമായി ലാലിനൊപ്പമുണ്ട്. കെ യു മോഹനനാണ് ക്യാമറ.
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ബറോസ് പ്രീ പ്രൊഡക്ഷന് ചെന്നൈയില്‍ ലാല്‍ തുടക്കമിട്ടിരുന്നു. ബറോസ് ടീമിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷം. വിദേശ സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിലുണ്ടാകും.
മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു. കുട്ടികള്‍ അടക്കം മികച്ച നടന്‍മാരെ വേണമെന്നും ഇവരില്‍ മിക്കവരും വിദേശികളാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
ജിജോ എഴുതിവച്ച കഥ തന്നെ കാത്തിരുന്നതായിരിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചതേയില്ലെന്നും ഒരു പ്രതിഭാശാലികള്‍ തന്നെ സഹായിക്കാന്‍ ഒപ്പമുണ്ടെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. വലിയ ശ്രമം വേണം, പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യമാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ?. കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയില്‍ കഥ മെനയണം. പരമാവധി ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും.
വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. നായകകഥാപാത്രമായ ബറോസിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ ആണ്.
ഇന്ത്യയുടെ നിധിയെന്ന് ഏ ആര്‍ റഹ്മാന്‍ വിശേഷിപ്പിച്ച തമിഴ്നാട് സ്വദേശിയായ 13 കാരന്‍ ലിഡിയന്‍ ബറോസിന്റെ സംഗീതം നിര്‍വഹിക്കുമെന്നാണ് അറിയുന്നത്. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് ലിഡിയന്‍ ശ്രദ്ധയാകര്‍ഷിച്ചത്. കൊറിയന്‍ ടീമിനെ ഫൈനലില്‍ പരാജയപ്പെടുത്തി ഏഴുകോടിരൂപയുടെ സമ്മാനം ഈ കൗമാര പ്രതിഭ കരസ്ഥമാക്കിയിരുന്നു. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനുമാണ്.