ബ്രോ ഡാഡി എന്ന ചിത്രത്തിലേക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചത് പൃഥ്വിരാജ് അല്ല മോഹൻലാൽ ആണ് എന്ന് നടി മല്ലിക സുകുമാരൻ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം കണ്ടിട്ട് മോഹൻലാൽ ആണ് ബ്രോ ഡാഡിയിലെ അമ്മച്ചിയുടെ കഥാപാത്രം അവതരിപ്പിക്കാൻ തന്നെ ക്ഷണിച്ചത് എന്ന് മല്ലിക സുകുമാരൻ പറയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ ഇക്കാര്യം വ്യക്തമാക്കിയത്.
മല്ലിക സുകുമാരൻ പറഞ്ഞത്:
എന്നെ ബ്രോ ഡാഡി എന്ന ചിത്രത്തിലേക്ക് വിളിച്ചത് മോഹൻലാൽ ആണ്. രാജു എന്നോട് വന്നിട്ട് പറഞ്ഞു അമ്മയ്ക്ക് ഒരു സർപ്രൈസ് ഉണ്ട്. ഇപ്പോൾ ഒരു ഫോൺ വരും എന്ന്. ലാൽ വിളിച്ചിട്ട് എന്നോട് പറഞ്ഞു ചേച്ചി ഞാൻ ചേച്ചിടെ ആ സാറാസ് എന്ന സിനിമ ഈ അടുത്ത് കണ്ടിരുന്നു അതുപോലൊരു അമ്മച്ചിയെ ഞങ്ങൾക്ക് ബ്രോഡാഡിയിലേക്ക് വേണം എന്ന് പറഞ്ഞു. തൊട്ട് പിറകേ പ്രൊഡ്യൂസർ ആന്റണിയും എന്നെ വിളിച്ചു. ചേച്ചി ഞങ്ങളുടെ പടത്തിൽ അഭിനയിക്കില്ലേ എന്ന് ചോദിച്ചു. എന്റെ മകൻ എന്നോട് ഒരു സർപ്രൈസ് ഉണ്ട് ഒരു നല്ല വേഷം കിട്ടിയാൽ അഭിനയിക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്, മോഹൻലാലിന്റെ ഒരുപടത്തിൽ അമ്മച്ചിയായി അഭിനയിക്കാൻ അവസരം കിട്ടായാൽ ആരെങ്കിലും പറ്റില്ലെന്ന് പറയുമോ?. അങ്ങനെയാണ് ബ്രോ ഡാഡിയിലേക്കുള്ള എന്റെ തുടക്കം.
ചിത്രത്തിൽ ജോണ്‍ കാറ്റാടി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ അമ്മച്ചിയായാണ് മല്ലിക സുകുമാരൻ എത്തിയത്. ചിത്രത്തിൽ ലാലു അലക്‌സ്, ജഗതീഷ്, കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.