അരയും തലയും മുറുക്കി മോഹൻലാൽ സംവിധാനത്തിലേക്ക് ഇറങ്ങിയിരിക്കുകയാണെന്ന് നടൻ മമ്മൂട്ടി. മോഹൻലാലിന്റെ നാല്പത് വർഷം നീണ്ട സിനിമാ അനുഭവം ബറോസ് സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാവുമെന്നും ഞങ്ങൾ ഇരുവരും സിനിമയുടെ വളർച്ചയും തകർച്ചയും കണ്ടും കെട്ടുമെല്ലാമാണ് സഞ്ചരിച്ചതെന്നും മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങിൽ പങ്കെടുത്തുക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലാണ് ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്. ശേഷം ജിജോയും ആന്റണി പെരുമ്പാവൂരും ദീപം തെളിച്ചു. പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്, ലാല്‍, സിദ്ദിഖ്, സത്യന്‍ അന്തിക്കാട് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ
‘ മലയാള സിനിമയില്‍ ഒരുപാട് നടന്‍മാര്‍ സംവിധായകര്‍ ആയിട്ടുണ്ട്. പക്ഷെ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹൻലാലും ഇറങ്ങിയിരിക്കുകയാണ്. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങളീ 40 വര്‍ഷം സഞ്ചരിച്ചത്.
മലയാള സിനിമ വളര്‍ന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോള്‍ ബറോസില്‍ എത്തി നിൽക്കുന്നു. ഈ നിമിഷം ഒരു പക്ഷെ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനും ആഹ്‌ളാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണ്. ഇത് നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ്. ഇത് മലയാളി പ്രേക്ഷകര്‍ക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിനിമയുടെ തുടക്കത്തിന് ഭാഗമാകാന്‍ ഇവിടെ എത്തിച്ചേരാന്‍ സാധ്യമായത് തന്നെ ഭാഗ്യമായി ഞാന്‍ കാണുന്നു.
എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും, ആശംസയും നേരുന്നു.’