ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ വിജയചിത്രങ്ങളൊരുക്കിയ തരുൺ മൂർത്തിക്കൊപ്പം മോഹൻലാൽ കൈകോർക്കുന്ന ചിത്രം ഏപ്രിൽ രണ്ടാം വാരം ഷൂട്ടിംഗ് തുടങ്ങും. റാന്നിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം. റാന്നിക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്നത്. മുൻനിര നിർമാണ വിതരണ കമ്പനിയായ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് നിർമ്മാണം. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിൻ്റെ മുന്നൂറ്റി അറുപതാമതു ചിത്രവുമാണിത്.
സൗദി വെള്ളക്കക്ക് ശേഷം നടനും സഹസംവിധായകനുമായ ബിനു പപ്പുവിന്റെ തിരക്കഥയിൽ ബാംഗ്ലൂർ പശ്ചാത്തമായ ചിത്രമാണ് തരുൺ മൂർത്തി
ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. ഈ സിനിമ മാറ്റിവച്ചാണ് മോഹൻലാല‍്‍ ചിത്രത്തിലേക്ക് തരുൺ കടക്കുന്നത്. മോഹൻലാൽ ചിത്രം പൂർത്തിയായ ശേഷം ബിനു പപ്പുവിന്റെ രചനയിലുള്ള സിനിമ പൂർത്തിയാക്കും.
ബിനാലെ വേദികളിലൂടെയും രാജ്യാന്തര പ്രദർശനങ്ങളിലൂടെയും ശ്രദ്ധേയനായ മലയാളി ഫോട്ടോഗ്രാഫർ കെ.ആർ സുനിലിനൊപ്പം തരുൺ മൂർത്തിയും സിനിമയുടെ തിരക്കഥാ രചനയിൽ പങ്കാളിയാകുന്നു. മോഹൻലാലിന്റെ പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് നിർമ്മാതാക്കൾ.
ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തികരഞ്ജിത്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡിസൈൻ - സമീരാസനീഷ്, നിർമ്മാണ നിർവ്വഹണം - ഡിക്സൻപൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്