താരസംഘടന 'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും. ഒപ്പം ജനറല്‍ സെക്രട്ടറിയായി ഇവവേള ബാബുവും തുടരും. ഡിസംബര്‍ 19നാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നത് ഉറപ്പായി.
ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെടും. അതേസമയം നടന്‍ ഷമ്മി തിലകന്‍ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താത്തിനാല്‍ പത്രിക തള്ളുകയായിരുന്നു.
ഇനി തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കായും 11 അംഗ കമ്മിറ്റിക്കായുമാണ്. ആശാ ശരത്ത് ശ്വേത മേനോന്‍ എന്നിവരെയാണ് ഔദ്യോഗിക പാനല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ത്തിയിട്ടുള്ളത്. മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ പിന്‍മാറുമെന്നാണ് സൂചന.
ഇത്തവണ ഔദ്യോഗിക പാനലിന്റെ അവതരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരെ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കുന്നുണ്ട്. ബാബുരാജ്, നിവിന്‍ പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടേക്കും.
ലാല്‍, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസര്‍ ലത്തീഫ് എന്നിവരും കമ്മിറ്റി അംഗങ്ങള്‍ക്കുള്ള മത്സരത്തില്‍ ഉണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ പത്രിക പിന്‍വലിക്കുമെന്നാണ് സൂചന. ബുധനാഴ്ച വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.