'പ്രേക്ഷകര്‍ സിനിമ ആവേശത്തോടെ കാണുന്നു, കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെ '; മരക്കാര്‍ കണ്ട് മോഹന്‍ലാല്‍

'പ്രേക്ഷകര്‍ സിനിമ ആവേശത്തോടെ കാണുന്നു, കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെ '; മരക്കാര്‍ കണ്ട് മോഹന്‍ലാല്‍
Published on

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' വ്യാഴാഴ്ച്ച പുലര്‍ച്ച 12.01 മണിക്ക് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തി. റിലീസ് ദിനത്തില്‍ മോഹന്‍ലാലും പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററിലെത്തി സിനിമ കണ്ടു. പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് സിനിമ കാണുന്നത്. സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്നുമായിരുന്നു മരക്കാര്‍ കണ്ട മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം.

എല്ലാവരേയും പോലെ താനും മരക്കാര്‍ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിച്ച വ്യക്തിയാണ്. ഇനി സിനിമ കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

'എല്ലാവരും വളരെ ആവേശത്തോടെ തന്നെയാണ് സിനിമ കാണുന്നത്. എല്ലാവരും ആസ്വദിച്ച് കാണേണ്ട സിനിമയാണ് മരക്കാര്‍. തീര്‍ച്ചയായും മരക്കാര്‍ തിയേറ്ററില്‍ തന്നെ കാണേണ്ട ഒരു സിനിമയാണ്. ഭാഗ്യവശാല്‍ അത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. അതില്‍ വളരെ അധികം സന്തോഷം. സിനിമ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇത് വളരെ പ്രിയപ്പെട്ട സിനിമ ആയത് കൊണ്ടാണ് ഞാന്‍ തിയേറ്ററില്‍ വന്ന് കണ്ടത്. മരക്കാര്‍ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിച്ച ഒരാള്‍ കൂടിയാണ് ഞാന്‍.' - മോഹന്‍ലാല്‍

അതേസമയം ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിക്കാന്‍ മരക്കാറിന് സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വിഎഫ്എക്‌സ് സാങ്കേതിക വിദ്യ ഇത്ര മികച്ച രീതിയില്‍ ഉപയോഗിച്ച മറ്റൊരു മലയാള ചിത്രമുണ്ടായിട്ടില്ലെന്നും അഭിപ്രായമുണ്ട്.

സിനിമയില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, നെടുമുടി വേണു, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, ഫാസില്‍, ബാബുരാജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in