'WCC, അമ്മ തുടങ്ങിയ വിഷയങ്ങൾ വിടൂ, മലയാള സിനിമയെക്കുറിച്ച് സംസാരിക്കൂ'; മോഹൻലാൽ

'WCC, അമ്മ തുടങ്ങിയ വിഷയങ്ങൾ വിടൂ, മലയാള സിനിമയെക്കുറിച്ച് സംസാരിക്കൂ'; മോഹൻലാൽ

Published on

WCC, അമ്മ തുടങ്ങിയ സംഘടനകളെക്കുറിച്ചല്ല മലയാള സിനിമയെക്കുറിച്ച് ചർച്ച ചെയ്യൂ എന്ന് നടൻ മോഹൻലാൽ. അമ്മ എന്ന സംഘടന മാത്രമല്ല മലയാള സിനിമയിലുള്ളത് എന്നും മറ്റ് സംഘടനകളോടും ഇതിനെക്കുറിച്ച് സംസാരിക്കൂ എന്നും മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള മോഹൻലാലിന്റെ ആദ്യത്തെ പ്രതിരണമാണ് ഇത്. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. താന്‍ എവിടെയും ഒളിച്ചോടിപ്പോയതല്ലെന്നും ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഇല്ലാതെ പോയത് എന്നും പ്രതികരണം വൈകിയതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ പറഞ്ഞത്:

WCC അമ്മ തുടങ്ങിയ വിഷയങ്ങൾ വിടൂ. മലയാള സിനിമയെക്കുറിച്ച് സംസാരിക്കൂ. അതിൽ എന്ത് വേണമെങ്കിലും ചെയ്യാൻ നമ്മൾ തയ്യാറാണ്. നിങ്ങൾ എല്ലവരും കൂടി ചേർന്ന് അത് ചെയ്യൂ. വിലക്കുകൾ എന്നൊക്കെ പറയുന്നത് ഞങ്ങൾക്ക് ആരോടും ഒരു തരത്തിലുമുള്ള എതിര് ഇല്ല. അമ്മ മാത്രമല്ലല്ലോ ഇവിടെ ഒരുപാട് സംഘടനകൾ ഇല്ലേ? അവരുമായിട്ട് ഒക്കെ നിങ്ങൾ സംസാരിക്കൂ. അവരുടെയെല്ലാം റിപ്പോർട്ടുകൾ എടുക്കൂ. അവർക്കെല്ലാം ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് കേൾക്കൂ.

എല്ലാ കാര്യങ്ങൾക്കും ഉത്തരം പറയേണ്ടത് അമ്മ എന്ന സംഘടന അല്ലെന്നും അമ്മയിൽ നിന്ന് മാറി നിൽക്കാം എന്നത് എല്ലാവരുമായി കൂടിച്ചേർന്ന് എടുത്ത തീരുമാനം ആണെന്നും അതിനർത്ഥം ഇതിൽ നിന്നും ഒഴിഞ്ഞു മാറുന്നു എന്നതല്ലെന്നും മോഹൻലാൽ വ്യക്തമാക്കി. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയാണ് ഇത്. അതുകൊണ്ട് ഒരു കാര്യം മാത്രം ഫോക്കസ് ചെയ്ത് നമ്മുടെ ഇൻഡസ്ട്രിയെ തകർക്കരുത്. കോടതി വരെ എത്തി നിൽക്കുന്ന ഒരു വിഷയത്തിൽ ആധികാരികമായ ഒരു മറുപടി പറയാൻ തനിക്ക് സാധിക്കില്ലെന്നും ഒരുപാട് പേർക്ക് പ്രചോദനമാകുന്ന മലയാള സിനിമയിൽ നിന്നുള്ള ഒരു മൂവ്മെന്റായി ഇത് മാറട്ടെ എന്നും മോഹൻലാൽ പ്രതികരിച്ചു. സിനിമാ മേഖലയില്‍ ചിലത് സംഭവിച്ചുപോയി, ഇനി സംഭവിക്കാതിരിക്കാന്‍ എന്തുചെയ്യുമെന്നാണ് നോക്കേണ്ടത്. ആരോപണ വിധേയരുടെ കാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ‍ഞങ്ങൾക്ക് സാധിക്കുന്നില്ല. എന്നാൽ ഇനി ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് നമുക്ക് നോക്കാം എന്നും മോഹൻലാൽ പറഞ്ഞു.

logo
The Cue
www.thecue.in