കേരളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായ ശിവനെ ആസ്പദമാക്കി ശിവന്റെ ജീവിതത്തെ ആസ്പദമാക്കി മകനും ചലച്ചിത്രകാരനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്‍ 'ശിവനയനം', അച്ഛനെ കുറിച്ചുള്ള മകന്റെ ഹൃദയകാവ്യമെന്ന് മോഹന്‍ലാല്‍. ശിവന്‍ സ്റ്റുഡിയോയില്‍ കയറി ഒരു ഫോട്ടോ എടുക്കുക എന്നത് കൗമാരകാലത്തെ ആഗ്രഹമായിരുന്നുവെന്നും മോഹന്‍ലാല്‍ ഡോക്യുഫിക്ഷന്‍ പ്രകാശനം ചെയ്ത് പറഞ്ഞു. കേരള മീഡിയ അക്കാദമിയാണ് 'ശിവനയനം' നിര്‍മ്മിച്ചത്.
ഈ ഭൂമിയിലെ ഓരോ മനുഷ്യനും ഓരോ ദൗത്യനിര്‍വഹണത്തിനുള്ള തലക്കുറി ഉള്ളവരാണെന്നും മഹിമയുള്ള ദൗത്യം നിറവേറ്റി മടങ്ങുന്നവരാണ് മഹാന്മാരെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആ ഗണത്തില്‍പ്പെട്ട വ്യക്തിത്വമായിരുന്നു ഫോട്ടോയിലെ മാന്ത്രികസ്പര്‍ശം ആയിരുന്ന ശിവന്‍. ജീവിതം ഒറ്റയടിപ്പാതയല്ലെന്നും കണ്ണടച്ചു തുറക്കും മുമ്പ് ജീവിതവിജയം നേടാനാകില്ലെന്നും സാക്ഷ്യപ്പെടുത്തിയ ഒരു ജീവിതത്തിന്റെ ദൃശ്യാനുഭവമാണ് ശിവനയനം. ബഹുമുഖ പ്രതിഭയായ ശിവന്‍ ആരെന്നും എന്തെന്നും വരുംതലമുറയ്ക്ക് അറിവ് പകരുന്ന നല്ല ഡോക്യുഫിക്ഷന്‍ ആണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ അക്കാദമിയുടെ യൂട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ സന്തോഷ് ശിവന്‍, ഡോക്യുഫിക്ഷന്‍ തിരക്കഥാകൃത്ത് വി.എസ്.രാജേഷ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.കെ.സുഭാഷ്, ജില്ലാപ്രസിഡന്റ് സുരേഷ് വെളളിമംഗലം, സരിത ശിവന്‍, സ്വരലയ ചെയര്‍മാന്‍ ജി.രാജ്മോഹന്‍, ഭാരത് ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, ദീപപ്രസാദ്, അക്കാദമി ഫോട്ടോജേണലിസം കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ബി.ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.