പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ല എന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മോഹന്‍ലാല്‍. തന്റെ പഴയ സിനിമകളുടെ സ്വാധീനമുള്ള കഥകളാണ് പലരും പറയുന്നത്. ആ ഇന്‍ഫ്‌ളുവന്‍സ് ഭേദിച്ചു വരുന്ന ആളുകളോടൊപ്പം തീര്‍ച്ചയായും സിനിമ ചെയ്യും. അത്തരത്തിലുള്ള ഒരു സിനിമയാണ് തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള ചിത്രം. 8 വര്‍ഷത്തോളമാണ് ആ ചിത്രത്തിന് വേണ്ടി ചെലവിട്ടത്. തനിക്ക് വേണ്ടി കഥ പറയുമ്പോഴാണ് കുഴപ്പം ഉണ്ടാകുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ അടുത്തെത്തുക അപ്രാപ്യമായ കാര്യമല്ലെന്നും കൗതുകം തോന്നുന്ന സിനിമകളാണ് ചെയ്യുന്നതെന്നും കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിനെയും ശോഭനയെയും പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മോഹന്‍ലാല്‍ പറഞ്ഞത്:
എന്റെയടുത്ത് പലരും വന്നു കഥകള്‍ പറയാറുണ്ട്. അതില്‍ പലതും നമ്മുടെ തന്നെ പഴയ സിനിമകളുടെ ഇന്‍ഫ്‌ളുവന്‍സിലാണ് വരുന്നത്. അതിനെ ബ്രേക്ക് ചെയ്തു കൊണ്ടുള്ള കഥകള്‍ വന്നാല്‍ ആരുടെ ഒപ്പവും വര്‍ക്ക് ചെയ്യാന്‍ ഞാന്‍ തയാറാണ്. ഇപ്പോള്‍ തരുണ്‍ മൂര്‍ത്തിയുമായുള്ള സിനിമ അത്തരത്തിലൊന്നാണ്. 8 വര്‍ഷത്തോളം എടുത്തു ഞങ്ങള്‍ ആ സിനിമ ചെയ്യാനായിട്ട്. വ്യത്യസ്തമാണ് ആ സിനിമയും. ചില ആളുകള്‍ പറയുന്ന കഥകളൊക്കെ മോഹന്‍ലാലിന് വേണ്ടിയുള്ള കഥകളാണ്. അങ്ങനെ ചെയ്യുമ്പോഴാണ് കുഴപ്പം വരുന്നത്. അവര്‍ പറയുന്ന കഥയില്‍ പല സിനിമകളുടെയും ഇന്‍ഫ്‌ളുവന്‍സ് വരും. എല്ലാത്തരത്തിലും സിനിമ ചെയ്യുന്നവരോടൊപ്പം നില്‍ക്കാന്‍ സന്തോഷമേ ഒള്ളൂ. ഒത്തിരി കഥകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്റെ അടുത്തെത്തുക അപ്രാപ്യമായ ഒരു കാര്യമല്ല. നമ്മള്‍ക്ക് കൗതുകം തോന്നുന്ന ഒരു കഥയല്ലേ നമുക്ക് ചെയ്യാന്‍ കഴിയൂ.
അതേ സമയം 'സൗദി വെള്ളക്ക' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര നിറവിലാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മികച്ച മലയാള ചിത്രത്തിനും ഗായികയ്ക്കുമുള്ള ദേശീയ പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. റിലീസിനൊരുങ്ങുന്ന ബറോസാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രം ഒരുങ്ങുന്നത് 3 ഡിയിലാണ്. ഒക്ടോബര്‍ 3ന് ബറോസ് തിയറ്ററുകളിലെത്തും.