മരക്കാര്‍ മോശമെന്ന് പറഞ്ഞത് നിരൂപണം ചെയ്യാന്‍ അര്‍ഹതയില്ലാത്തവര്‍: സിനിമ കണ്ടവര്‍ അതിനോട് യോജിക്കില്ലെന്ന് മോഹന്‍ലാല്‍

മരക്കാര്‍ മോശമെന്ന് പറഞ്ഞത് നിരൂപണം ചെയ്യാന്‍ അര്‍ഹതയില്ലാത്തവര്‍: സിനിമ കണ്ടവര്‍ അതിനോട് യോജിക്കില്ലെന്ന് മോഹന്‍ലാല്‍
Published on

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാന്‍ അര്‍ഹതയില്ലാത്തവരെന്ന് മോഹന്‍ലാല്‍. സിനിമ റിലീസിന് പിന്നാലെ നിരവധി മോശം കമന്റുകള്‍ വന്നു. അത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ അതെല്ലാം സിനിമ കാണാത്തവരാണ് ചെയ്തതെന്നും മോഹന്‍ലാല്‍ ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മരക്കാര്‍ കണ്ടവര്‍ക്ക് ഒരിക്കലും അത്തരം അഭിപ്രായങ്ങളോട് യോജിക്കാനാവില്ല. പ്രേക്ഷകര്‍ സിനിമയെ നെഞ്ചിലേറ്റ്ി എന്നത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ പറഞ്ഞത്:

'രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിച്ചു എന്നത് വലിയ അംഗീകാരമായി കാണുന്നു. ഇപ്പോള്‍ തിയേറ്റര്‍ റിലീസിന് ശേഷം ആമസോണ്‍ പ്രൈം വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മരക്കാര്‍ എത്തിക്കുകയാണ്. അത് തന്നെ വലിയൊരു അംഗീകാരമാണ്. ഈ സിനിമ മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നമ്മള്‍ ഡബ്ബ് ചെയ്തിരുന്നു. അപ്പോള്‍ ഇന്ത്യ മുഴുവനും ഉള്ള ആളുകളും ലോകം മുഴുവനും ഉള്ള ആളുകളും ഈ സിനിമ കാണാന്‍ പോകുന്നു എന്നുളളത് തന്നെ വലിയ കാര്യമാണ്. തീര്‍ച്ചയായും മരക്കാറിനെ കുറിച്ച് ഏറ്റവും നല്ല കമന്റുകളാണ് ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അര്‍ഹതയുള്ളവര്‍ പറഞ്ഞാല്‍ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേര്‍ ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു. പക്ഷെ സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല. അത് തന്നെയാണ് വലിയ അംഗീകാരം. മരക്കാറിനെ ഒരുപാട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു എന്നതില്‍ സന്തോഷമുണ്ട്.'

ഡിസംബര്‍ 2നാണ് മരക്കാര്‍ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. അതിന് ശേഷം ഡിസംബര്‍ 17 മുതല്‍ ചിത്രം ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുകയും ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in