'തീ മിന്നല്‍ തിളങ്ങി..!' മിന്നല്‍ മുരളി റിവ്യു

'തീ മിന്നല്‍ തിളങ്ങി..!' മിന്നല്‍ മുരളി റിവ്യു
Published on

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സൂപ്പര്‍ പവര്‍ ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരാള്‍ പോലുമുണ്ടാകില്ല. അത്തരത്തിലുള്ള ആഗ്രഹങ്ങള്‍ സൂക്ഷിക്കുന്ന സാധാരണക്കാരായ പ്രേക്ഷകര്‍ക്കിടയിലേക്ക് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ അവതരിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാടായിരിക്കും. ആ പ്രതീക്ഷകളെല്ലാം സഫലീകരിക്കാന്‍ കെല്‍പ്പുള്ള ഒരു സൂപ്പര്‍ ഹീറോ തന്നെയാണ് ബേസില്‍ ജോസഫിന്‍റെ മിന്നല്‍ മുരളി.

ഒരു മുത്തശ്ശിക്കഥയെന്നോണം രസകരമായ കഥ പറച്ചില്‍ രീതിയും തന്‍റെ തന്നെ മുന്‍ സിനിമകളിലെ കഥാപശ്ചാത്തലം കൂടി കോര്‍ത്തിണക്കി കഥ പറയാന്‍ ബേസില്‍ നടത്തുന്ന രസകരമായ ശ്രമങ്ങളുമെല്ലാം നേരത്തെ തന്നെ ചര്‍ച്ചയായതാണ്. ഇതേ ഫോര്‍മുലകള്‍ തന്നെയാണ് ബേസില്‍ മിന്നല്‍ മുരളിയിലും ഉപയോഗിച്ചിരിക്കുന്നത്. അതെ, മിന്നല്‍ മുരളി ദേശത്തിന്‍റെയും കണ്ണാടിക്കല്ലിന്‍റെയും അടുത്തുള്ള കുറുക്കന്‍മൂലയിലെ സൂപ്പര്‍ ഹീറോയുടെ കഥയാണ്.

നായകന്‍റെ രസകരമായ സൂപ്പര്‍ പവര്‍ എലമെന്‍റുകളെക്കാള്‍ ആളുകളില്‍ കൌതുകമായത് വില്ലനായിരിക്കും. എപ്പൊഴും ജയം നായകനൊപ്പമായിരിക്കുമെങ്കിലും ആ ജയം എളുപ്പമാക്കാതിരിക്കാന്‍ തിരക്കഥയില്‍ വില്ലന്‍ സൃഷ്ടിക്കുന്ന വലിയ തടസങ്ങളായിരിക്കും ഏതൊരു സിനിമയെയും ആകാംഷാഭരിതമാക്കുന്നത്. ഇവിടെ നായകന് ഒത്തൊരു എതിരാളിയായല്ല, മറിച്ച് നായകന്‍റെ ശക്തികളുടെതന്നെ മറ്റൊരു പതിപ്പായിട്ടാണ് വില്ലനെ രൂപപ്പെടുത്തിയിരിക്കുന്നത്. ഡാര്‍ക്ക് നൈറ്റിലെ ജോക്കറിനെയൊക്കെ ഓര്‍മ്മിപ്പിക്കും വിധമാണ് ഗുരു സോമസുന്ദരത്തിന്‍റെ കഥാപാത്രത്തെ തിരക്കഥയില്‍ പ്ലേസ് ചെയ്തിരിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞാല്‍, വില്ലനെ രൂപ്പെടുത്താന്‍ ജോക്കറിന്‍റെയൊക്കെ റെഫറന്‍സ് സ്ക്രിപ്റ്റ് റൈറ്റേഴ്സ് ഉപയോഗപ്പെടുത്തിയിട്ടുണ്ടാകും എന്ന് ആര്‍ക്കും സംശയം തോന്നും.

ഒരു സൂപ്പര്‍ ഹീറോ മൂവി എന്നതിനപ്പുറത്തേക്ക് ഇമോഷണല്‍ ട്രാക്കും കൂടുതല്‍ ഗംഭീരമാക്കി എന്നതാണ് മിന്നല്‍ മുരളിയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ നായകനോളം തന്നെ പ്രാധാന്യമുള്ള ലെയറായിത്തന്നെയാണ് വില്ലന്‍റെ കഥയും വന്നിരിക്കുന്നത്. അതുകൊണ്ട്, നായകന്‍റെ ഇമോഷനുകളെക്കാളേറെ വില്ലന്‍ കഥാപാത്രത്തിലൂടെ കടന്നുപോകുന്ന ഇമോഷനുകള്‍ പ്രേക്ഷകന് കൂടുതല്‍ കണക്ട് ആവുന്നു. വില്ലനാണെങ്കില്‍പ്പോലും അയാള്‍ ചെയ്യുന്ന വില്ലനിസങ്ങള്‍ക്ക് കൃത്യമായ ബാക്ക് സ്റ്റോറി സിനിമയില്‍തന്നെയുണ്ട്. അതുകൊണ്ട് ഇത് കാണുന്ന പ്രേക്ഷകന് സ്വാഭാവികമായും നായകനോട് തോന്നുന്നതുപോലെത്തന്നെ വില്ലനോടും എംപതി തോന്നും. സിനിമ കാണുന്ന ഒരു പ്രേക്ഷന് വില്ലന്‍റെ പോയിന്‍റ് ഓഫ് വ്യൂവിലൂടെയും നായകന്‍റെ പോയിന്‍റ് ഓഫ് വ്യൂവിലൂടെയും ചിന്തിക്കാനുള്ള സ്പേസ് കൊടുക്കുന്നതിലൂടെ രണ്ട് കഥാതലങ്ങളും സമ്മാനിക്കാന്‍ ചിത്രത്തിന് സാധിക്കുന്നു.

ടൊവിനോയുടെ ജെയ്സനും ഗുരു സോമസുന്ദരത്തിന്‍റെ ഷിബുവും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചത്. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ത്തന്നെ സ്ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജെയ്സണ്‍ ഒരു ചെറിയ സട്ടില്‍ കോമഡി സ്വഭാവത്തില്‍ സിനിമയിലെത്തുമ്പോള്‍ ഷിബു കുറച്ചുകൂടി ലൌഡായി പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ആദ്യ സിനിമ ഗംഭീരമാക്കാന്‍ ഫെമിനയുടെ നായിക കഥാപാത്രത്തിനും സാധിച്ചു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഹരിശ്രീ അശോകനെ അത്രകണ്ട് ഗംഭീരമായി സ്ക്രീനില്‍ കാണാന്‍ മിന്നല്‍ മുരളിയിലൂടെ സാധിച്ചു. അതുകൂടാതെ, സ്ക്രീനിലെത്തിയ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ചു.

കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്നതില്‍ ബേസില്‍ യൂണിവേഴ്സിലുള്ള സ്പേസ് വളരെ വലുതാണ്. സട്ടില്‍ കോമഡികളിലൂടെയും വളരെ ചെറിയ സന്ദര്‍ഭങ്ങളിലൂടെയും ഓരോ കഥാപാത്രത്തെയും ബേസില്‍ പ്രേക്ഷക മനസുകളിലേക്ക് ഇറക്കിവിടുന്നു. മുമ്പുള്ള ബേസില്‍ ചിത്രങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങള്‍ തന്നെയാണ്. കുഞ്ഞിരാമായണത്തിലെ ഭീകരനെപ്പോലെ, രാമേന്ദ്രനെപ്പോലെ താരതമ്യേന വളരെ ചെറിയ സ്ക്രീന്‍ സ്പേസ് കൈകാര്യം ചെയ്തവരെപ്പോലും ഇപ്പോഴും നമ്മള്‍ ഓര്‍ത്തിരിക്കാന്‍ കാരണവും അതാണ്. അതേ തന്ത്രങ്ങള്‍ തന്നെയാണ് മിന്നല്‍ മുരളിയിലും ബേസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ക്യാരക്ടറിന് ബില്‍ഡ് അപ്പ് സീനുകള്‍ നല്‍കി എസ്റ്റാബ്ലിഷ് ചെയ്ത് പിന്നീട് കഥയുടെ ക്രക്സിലേക്ക് കടക്കുന്ന ഫോര്‍മുലയെ ഓവര്‍ക്കം ചെയ്യാന്‍ ഈ അപ്രോച്ചിന് സാധിച്ചിട്ടുണ്ട്. സമയം കളയാതെ പറയാനുള്ളത് പറയുക എന്നത് സാധ്യമാക്കാനും ചിത്രത്തിന് സാധിക്കുന്നു

ഒരുപാട് സൂപ്പര്‍ പവറുകളുള്ള അമാനുഷികര്‍ക്ക് മാത്രമല്ല, മനസ്സാനിധ്യം കൊണ്ട് ഏതൊരു സാധാരണക്കാരനും സൂപ്പര്‍ ഹീറോ അല്ലെങ്കില്‍ ഹീറോയിനാകാന്‍ സാധിക്കുമെന്നും സിനിമ പറഞ്ഞുതരുന്നു. ഈ തോട്ട്സ് സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പറയാനും സംവിധായകനായി.

ഒട്ടും ഗിമ്മിക്കലല്ലാത്ത സൂപ്പര്‍ ഹീറോ മൂവി ഫ്രെയിമുകള്‍ അമ്പരപ്പ് ഉളവാക്കുന്നതായിരുന്നു. ആ മാജിക്കല്‍ ഫ്രെയിമുകള്‍ രൂപപ്പെടുത്തിയ സമീര്‍ താഹിര്‍ എന്ന ഛായാഗ്രാഹകന്‍ ഒരു പ്രത്യേക കയ്യടി അര്‍ഹിക്കുന്നു. ഒരു സാധാരണ സിനിമയുടെ ആംബിയന്‍സ് സൃഷ്ടിക്കുന്ന ഫ്രെയിമുകള്‍ സൂപ്പര്‍ ഹീറോ സിനിമകളിലും അനുയോജ്യമാകും എന്ന് തെളിയിക്കാനും സമീറിനായി. ബ്രഹ്മാണ്ഡത്തേക്കാള്‍ ലളിതമായ കാര്യങ്ങളാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുക എന്ന് ഒരു വലിയ ക്യാന്‍വാസില്‍ പൂര്‍ത്തീകരിച്ച ഈ സിനിമ കാണിച്ചുതരുന്നു.

കേരളത്തിലെ സൂപ്പര്‍ ഹീറോയാണെങ്കിലും വിഎഫ്എക്സിന്‍റെ കാര്യത്തില്‍ ഹോളിവുഡ് ചിത്രങ്ങളോടായിരിക്കും താരതമ്യങ്ങള്‍ പോവുക. പക്ഷെ, മൊബൈലില്ലാത്ത, സിസിടിവി പോലും അടുത്ത് മാത്രം പരിചിതമായ മഞ്ഞപ്രക്കടുത്തെ കുറുക്കന്‍മുലയില്‍ എന്ത് നടക്കും നടക്കില്ല എന്നുള്ളതിനെക്കുറിച്ച് ബേസിലിന് നല്ല ബോധ്യമുണ്ടായിരുന്നു. കഥ ആവശ്യപ്പെടുന്ന വിഎഫ്എക്സ് കൃത്യമായി സിനിമയില്‍ കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ നോക്കുമ്പോള്‍ അത് ഏത് ഹോളിവുഡ് മില്യണ്‍ ഡോളര്‍ പ്രൊഡക്ഷനോടും ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്നതാകുന്നു.

മുത്തശ്ശിക്കഥകളിലെ ഗ്രാമങ്ങളുടെ പശ്ചാത്തലഭംഗി പ്രേക്ഷകന് അതേപടി നല്‍കാന്‍ സഹായിച്ച പ്രൊഡക്ഷന്‍ ഡിസൈനാണ് സിനിമയെ ആസ്വാദ്യമാക്കുന്ന മറ്റൊരു ഘടകം. മനു ജഗതിന്‍റെ ഫെയറി ടെയില്‍ മോഡല്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ സിനിമ കാണുന്ന ഓരോ പ്രേക്ഷകനെയും ഒരു കുറുക്കന്‍മൂലക്കാരനാക്കുന്നു. ലിവിങ്സ്റ്റണ്‍ മാത്യുവിന്‍റെ എഡിറ്റിങ്ങും മെല്‍വിയുടെ വസ്ത്രാലങ്കാരവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതാണ്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ മൂവി എന്നതല്ല, ഒരു സൂപ്പര്‍ ഹീറോ മൂവിക്കപ്പുറത്ത് പ്രക്ഷകന് നല്‍കാനായ സിനിമാനുഭവം തന്നെയാണ് മിന്നല്‍ മുരളിയെ പ്രേക്ഷകന് ഇത്രയേറെ ഇഷ്ടപ്പെടാന്‍ കാരണം.

Related Stories

No stories found.
logo
The Cue
www.thecue.in