മിന്നല്‍ മുരളിയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന സൂപ്പര്‍ വില്ലന്‍. ചിത്രത്തിലെ വില്ലനാണെങ്കിലും ഷിബു എന്ന കഥാപാത്രം വളരെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഷിബുവിന് ഉഷയോടുള്ള പ്രണയവും പ്രേക്ഷകരെ ആ കഥാപാത്രത്തോട് അടുപ്പിക്കാന്‍ കാരണമായിരുന്നു. എന്നാല്‍ ഷിബു എന്ന വില്ലന്‍ കഥാപാത്രത്തിലേക്ക് എത്താനായി അഞ്ച് മാസത്തോളം കഷ്ടപ്പെടേണ്ടി വന്നുവെന്നാണ് മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളായ ജസ്റ്റിന്‍ മാത്യുവും അരുണ്‍ അനിരുദ്ധും ദ ക്യുവിനോട് പറഞ്ഞത്.
അരുണ്‍: ഞങ്ങള്‍ ഏറ്റവും അധികം കഷ്ടപ്പെട്ടത് വില്ലന്‍ കഥാപാത്രത്തെ ശരിയാക്കാനായിരുന്നു. ഏകദേശം നാല് അഞ്ച് മാസത്തോളം വില്ലന്‍ കഥാപാത്രത്തില്‍ തന്നെയായിരുന്നു. ഒരു ഭാഗത്ത് ജെയ്സണിന്റെ കഥാപാത്രം ശരിയാക്കി വെച്ചിരുന്നു. പക്ഷെ വില്ലന്റെ ഭാഗം എത്ര ശ്രമിച്ചിട്ടും ശരിയാവുന്നുണ്ടായിരുന്നില്ല. പിന്നെ ഒരു പോയന്റില്‍ വെച്ചാണ് ഷിബു വരുന്നതും ബാക്കിയെല്ലാം ശരിയാവുന്നതും. അത് വരെയുള്ള വില്ലന്‍മാരെല്ലാം വളരെ ഓവര്‍ ദ ടോപ്പായിരുന്നു. കെമിക്കല്‍ റിയാക്ഷന്‍ സംഭവിച്ചോ, ആദിവാസി കഥാപാത്രമൊക്കെയാണ് ചിന്തിച്ചിരുന്നത്. പിന്നീടാണ് ജയിസണെ പോലെ തന്നെ ആ നാട്ടിലെ ഒരു ചായക്കടയില്‍ ഒക്കെയുള്ള ഒരാള്‍ വില്ലനായാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചപ്പോഴാണ് ഷിബു ഉണ്ടാവുന്നത്. ഇതില്‍ വില്ലന്‍ കഥാപാത്രത്തിന് ഒരു ലക്ഷ്യം ഉണ്ടാകണം എന്നത് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് പ്രണയം എന്ന എലമന്റ് കൊണ്ടുവന്നത്. ഷിബു ആദ്യം മുതല്‍ അവസാനം വരെ ഫൈറ്റ് ചെയ്യുന്നതും അതിന് വേണ്ടിയാണ്. ആ എലമെന്റ് കിട്ടിയപ്പോള്‍ തന്നെ ആ കഥാപാത്രത്തെ എഴുതാന്‍ എളുപ്പമായി.
ജസ്റ്റിന്‍: ഒരു കഥാപാത്രം എല്ലാം നശിപ്പിക്കുക എന്ന മനോനിലയില്‍ എത്തണമെങ്കില്‍ വളരെ ജനുവിനായ ഒരു കാരണം വേണമല്ലോ. താനോസ് ലോകം നശിപ്പിക്കാന്‍ വരുന്നു എന്ന് പറയുന്നത് പോലെ വളരെ ശക്തമായ ആളുകള്‍ വിശ്വസിക്കുന്ന ഒരു കാര്യം വേണമല്ലോ. അതുകൊണ്ട് ആദ്യ പകുതിയില്‍ കൂടുതലായി വില്ലനെ കാണിക്കേണ്ടി വന്നത്. കാരണം അയാളാണ് ആ നാടിനെ നശിപ്പിക്കുന്ന വിധത്തിലേക്ക് മാറുന്നത്. നായകന്റെ കഥാപാത്രത്തെ എഴുതാന്‍ അത്രത്തോളം ബുദ്ധിമുട്ട് വേണ്ടി വന്നില്ല. കാരണം രക്ഷിക്കുക എന്നത് നായകന്‍മാര്‍ സ്ഥിരമായി ചെയ്യുന്ന കാര്യമാണ്. പക്ഷെ നശിപ്പിക്കുക എന്നതിന് കൃത്യമായൊരു കാരണം വേണം. അതിനുള്ള കാരണമാണ് ഉഷയുമായുള്ള പ്രണയം. അതിന് മുകളില്‍ ഒരു കാരണം കൊടുക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം എല്ലാം വികാരത്തിന്റെയും മുകളില്‍ നില്‍ക്കുന്നതാണ് പ്രണയം. ആ പ്രണയം ഇല്ലാതാവുന്ന ദാരുണമായ അവസ്ഥയിലാണ് ഷിബു എല്ലാം നശിപ്പിക്കുന്നത്.
കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.
വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.