രാഷ്ട്രീയ ബജ്‌റംഗ്ദള്‍ ഭാഗീകമായി നശിപ്പിച്ച മിന്നല്‍ മുരളി സിനിമയുടെ സെറ്റ് അണിയറപ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി. കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് സെറ്റ് പൊളിച്ചുമാറ്റിയത്. കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
ക്യു’ ഇപ്പോള് ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനാണ് മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗണ്‍ മൂലം ചിത്രീകരണം നിലച്ചിരിക്കെയായിരുന്നു രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത്. സെറ്റ് തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലയാള സിനിമാലോകം ശക്തമായ ഭഷയിലാണ് സംഭവത്തെ അപലപിച്ചത്. പള്ളി മാതൃക പൊളിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് മിന്നല്‍ മുരളി ടീമിനുണ്ടായത്. വിവിധ സിനിമാ സംഘടനകളും മണപ്പുറത്ത് ഷൂട്ടിങിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതികളില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.