ആട് ത്രീ റെഡി, ഷാജിപാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു, പുതിയ അപ്ഡേറ്റുമായി മിഥുൻ മാനുവൽ തോമസ്

ആട് ത്രീ റെഡി, ഷാജിപാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു, പുതിയ അപ്ഡേറ്റുമായി മിഥുൻ മാനുവൽ തോമസ്
Published on

തിയറ്ററിലെ ചിരിപ്പോരിന് ഷാജിപാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. 'ആട്' മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ്. 'ആട് 3 വൺ ലാസ്റ്റ് റൈഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ വാർത്തയാണ് മിഥുൻ ഫെയ്‌സ് ബുക്കിലൂടെ പുറത്തുവിട്ടത്. 'ഭൂതകാലത്തിലേക്കും ഭാവിയിലേക്കും കുഴപ്പം പിടിച്ച വർത്തമാനത്തിലേക്കുമായി കഥാപാത്രങ്ങൾ കുറച്ചു കാലമായി യാത്ര ചെയ്യുകയായിരുന്നു, അവസാനമായി അവർ ഒരു യാത്രയ്ക്ക് കൂടെ ഒരുങ്ങുകയാണ്' എന്ന അടിക്കുറിപ്പോടെയാണ്‌ സംവിധായകൻ സിനിമയുടെ വിവരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്‌മാൻ, ഇന്ദ്രൻസ് എന്നിവരെ മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക് പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്.

ആട് സിനിമയുടെ ആദ്യ ഭാഗം തിയറ്ററിൽ വലിയ പരാജയമായിരുന്നെങ്കിലും സാറ്റലൈറ്റ് പ്രദർശനത്തിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തൊട്ടു പിന്നാലെ എത്തിയ ആട് 2 തിയറ്ററിൽ വലിയ വിജയമായി. ചിത്രത്തിലെ ഐക്കോണിക്ക് കഥാപാത്രങ്ങൾക്ക് വലിയ രീതിയിലുള്ള ജനപ്രീതിയാണ് ലഭിച്ചത്. ആട് ത്രീ മൂന്നാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ ഇനിയെന്ത് പൊല്ലാപ്പിലാകും ഷാജി പാപ്പനും കൂട്ടരും എത്തിപ്പെടുക എന്ന കൗതുകവും ഉണ്ടാകുന്നുണ്ട്. ആട് ത്രീ പരീക്ഷണാര്‍ത്ഥത്തില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് മൂവിയായിരിക്കുമെന്ന് മിഥുന്‍ മാനുവൽ തോമസ് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടു ഭാഗങ്ങളിലുമുണ്ടായിരുന്ന ജയസൂര്യ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ തുടങ്ങിയവര്‍ മൂന്നാം ഭാഗത്തിലുമുണ്ടാകും. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകും. സിജിഐ ഉൾപ്പെടെ ചിത്രത്തിനായി ഇത്തവണ കാര്യമായി ഉപയോഗപ്പെടുത്തുമെന്നറിയുന്നു. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആശയമായിരിക്കും ചിത്രത്തിന്റേതെന്നും മിഥുന്‍ മാനുവല്‍ തോമസ് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കത്തനാർ എന്ന 100 കോടിയോളം മുടക്കുമുതലുള്ള ചിത്രം പൂർത്തിയാക്കിയാണ് ജയസൂര്യ ഷാജി പാപ്പാനായി എത്തുക.

ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്‍ലെറിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ആട് 3'. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ടർബോ'യ്ക്ക് തിരക്കഥ ഒരുക്കിയതും മിഥുൻ മാനുവൽ തോമസായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in