പുരുഷന്‍മാര്‍ ഏഴ് ചുവട് പിന്നോട്ടുവെച്ചു’; മീ ടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയത് മികച്ച മാറ്റമെന്ന് കജോള്‍
മീടു മൂവ്മെന്റ് പുരുഷന്മാരുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടന്ന് ബോളിവുഡ് താരം കജോള്‍. അത് ആവശ്യമായിരുന്നു, നല്ലതോ ചീത്തയോ എന്നതിന് അപ്പുറത്തേക്ക് ഫിലിം സെറ്റുകളിലും ഓഫീസുകളിലും ദൈനംദിന ജീവിതത്തിലെ പെരുമാറ്റങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിക്കുന്നുണ്ടെന്നും കജോള്‍ പറഞ്ഞു.
'മീടു' മൂവ്‌മെന്റ് സിനിമാമേഖലയില്‍ സ്ത്രീകളോടുളള പെരുമാറ്റത്തില്‍ മാറ്റം വരുത്തിയതായി തോന്നിയിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കജോള്‍. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന ദേവി എന്ന ഷോര്‍ട് ഫിലിമിന്റെ സ്പെഷ്യല്‍ സ്‌ക്രീനിങ്ങ് ചടങ്ങില്‍ വെച്ചായിരുന്നു കജോളിന്റെ പ്രതികരണം.
തീര്‍ച്ചയായും മാറ്റം ഉണ്ടായിട്ടുണ്ട്. അത് സിനിമാ സെറ്റുകളില്‍ മാത്രമാണെന്ന് ഞാന്‍ പറയില്ല. മീടൂ മീ ടൂ മൂവ്‌മെന്റിന് പ്രചാരണം ലഭിച്ച്, സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ അതില്‍ ഉള്‍പ്പെട്ടതിന് ശേഷം, ഏതോ ഒരു പോയിന്റില്‍ പുരുഷന്മാര്‍, നല്ലവരും മോശമായവരും ഇതിലൊന്നും പെടാത്തവരും ഏഴ് ചുവട് പിന്നോട്ട് വെച്ചതായി എനിക്ക് തോന്നുന്നു.
കജോള്‍
പുരുഷന്മാരുടെ പ്രവൃത്തികള്‍ക്ക് ഗൗരവമായ അനന്തരഫലങ്ങള്‍ ഉണ്ടാവുമെന്ന തിരിച്ചറിവുണ്ടാക്കാന്‍ മൂവ്‌മെന്റിന് കഴിഞ്ഞുവെന്ന് മറ്റൊരു അഭിനേത്രി കൂടിയായ ശ്രുതി ഹസന്‍ പറഞ്ഞു. ഒരിക്കല്‍ ലണ്ടനിലേയ്ക്കുളള ഫ്ളൈറ്റ് യാത്രയ്ക്കിടെ തന്റെ മുന്നില്‍ ഇരുന്ന വ്യക്തി 'ഫിസിക്കല്‍ പ്രോക്സിമിറ്റി ആന്റ് ഹൗ ടു ബിഹേവ് ഇന്‍ ദാറ്റ് സ്പേയ്സ്' എന്ന ഒരു പുസ്തകം വായിക്കുന്നത് കണ്ടു. ഇത്തരമൊരു മാറ്റം അനിവാര്യമായിരുന്നു. മോശമായ പെരുമാറ്റം ഉണ്ടാക്കിയേക്കാവുന്ന പരിണതഫലങ്ങള്‍ എന്തായിരിക്കുമെന്ന തിരിച്ചറിവ് പുരുഷന്മാരില്‍ കൊണ്ടുവരാന്‍ ‘മീടു’വിനായി. അതില്‍ തനിക്കേറെ സന്തോഷമുണ്ടന്നും ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയെ ഇത്തരമൊരു നിലവാരത്തിലേക്ക് കൊണ്ടെത്തിയ്ക്കാന്‍ മീടുവിന് ആകുമെന്ന് കരുതിയിരുന്നില്ല, ആളുകള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായതില്‍ തനിക്ക് അഭിമാനം തോന്നുന്നുണ്ടെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ ഒന്നിലധികം സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് 2017 ഒക്ടോബറില്‍ ഹോളിവുഡിലാണ് മീടു മൂവ്‌മെന്റിന് തുടക്കമാവുന്നത്. 2008ല്‍ ഒരു ഗാന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ മുതിര്‍ന്ന നടന്‍ നാനാ പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് ബോളിവുഡ് താരം തനുശ്രീ ദത്ത 2018ല്‍ വെളിപ്പെടുത്തലോടെ ഇന്ത്യയിലും മൂവ്മെന്റ് ശക്തമായി. പിന്നീട് തമിഴിലും മലയാളത്തിലും ഉള്‍പ്പടെ പല താരങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും നേരിട്ട മോശം അനുഭവം മീടു മൂവ്‌മെന്റിലോടെ സ്ത്രീകള്‍ പങ്കുവെയ്ക്കുകയും സമൂഹം ചര്‍ച്ച ചെയ്യുകയും ചെയ്തു.