'കമന്റിട്ട അങ്കിളിന്റെ തൊലിക്കട്ടിയും മോശമല്ല', കമന്റിലൂടെയുളള ആക്ഷേപത്തിന് മീനാക്ഷിയുടെ മറുപടി

'കമന്റിട്ട അങ്കിളിന്റെ തൊലിക്കട്ടിയും മോശമല്ല', കമന്റിലൂടെയുളള ആക്ഷേപത്തിന് മീനാക്ഷിയുടെ മറുപടി
Published on

ചികിത്സാസഹായം ആവശ്യപ്പെട്ടുകൊണ്ട് പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകി മീനാക്ഷി. സിനിമാമേഖലയിൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ഒരാളുടെ കുഞ്ഞിന്റെ ചികിത്സാ ആവശ്യത്തിനായിരുന്നു സഹായം അഭ്യർത്ഥിച്ചുകൊണ്ടുളള പോസ്റ്റ് മീനാക്ഷി ഷെയർ ചെയ്തത്. സഹായം നൽകാൻ സന്നദ്ധരായി ഒട്ടേറെ പേർ പോസ്റ്റിന് താഴെ കമന്റും ചെയ്തിരുന്നു. ഇതിനിടയിലാണ് 'മലയാളികൾ ചാരിറ്റിയിലൂടെ മാത്രമേ ചികിത്സിക്കുകയുള്ളോ? തൊലിക്കട്ടി അപാരം' എന്ന കമന്റ് വന്നത്. കമന്റിട്ടയാളുടെ തൊലിക്കട്ടിയും മോശമല്ല, പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതിയെന്നാണ് മീനാക്ഷി ഇതിന് നൽകിയ മറുപടി.

ചികിത്സാസഹായം ആവശ്യപ്പെട്ടുകൊണ്ട് മീനാക്ഷി പങ്കുവെച്ച കുറിപ്പ്:

ഒന്ന് ശ്രദ്ധിക്കാമോ. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോൾ വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച് ഒരു വശം തളർന്നു പോയിരിക്കുന്നു). ഫിലിം ഫീൽഡിൽ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ്. ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കിൽ ഒരു ചെറിയ സഹായം ചെയ്യാമോ?

പോസ്റ്റിന് താഴെ വന്ന കമന്റ്:

‘കോടികൾ പ്രതിഫലം പറ്റുന്നവർ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയിൽ ഉള്ളവർ വിചാരിച്ചാൽ പോരെ? അതോ മലയാളികൾ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’

മീനാക്ഷി നൽകിയ മറുപടി:

‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്. വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല.’

തുടർന്ന്, കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിച്ചതിനാൽ പോസ്റ്റ് നീക്കം ചെയ്യുകയാണെന്നും ഇനി പണം നൽകേണ്ടതില്ലെന്നും അറിയിച്ചുകൊണ്ടുള്ള കുറിപ്പും മീനാക്ഷി വെള്ളിയാഴ്ച പങ്കുവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in