പൃഥ്വിരാജിനെ വിലക്കിയെന്നത് തെറ്റായ വാര്‍ത്ത, തിയേറ്റര്‍ തുറന്നാല്‍ ഒ.ടി.ടി ഒരു വെല്ലുവിളിയല്ല: എം.സി ബോബി അഭിമുഖം

പൃഥ്വിരാജിനെ വിലക്കിയെന്നത് തെറ്റായ വാര്‍ത്ത, തിയേറ്റര്‍ തുറന്നാല്‍ ഒ.ടി.ടി ഒരു വെല്ലുവിളിയല്ല: എം.സി ബോബി അഭിമുഖം
Published on

നടന്‍ പൃഥ്വിരാജ് സുകുമാരന്റെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും തുടര്‍ച്ചയായി ഒടിടി റിലീസിലേക്ക് പോകുന്നതിനാല്‍ ഇരുവരുടെയും ചിത്രങ്ങള്‍ തിയറ്ററില്‍ നിന്ന് വിലക്കിയെന്ന വാര്‍ത്ത വെറും ഊഹാപോഹമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണൈറ്റൈഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്) മുന്‍ സെക്രട്ടറിയും തിയറ്റര്‍ ഉടമയുമായ എം.സി ബോബി. ഒരു യോഗം നടക്കുമ്പോള്‍ പല അഭിപ്രായങ്ങളും ഉണ്ടാവും. പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും വിലക്കുന്ന തീരുമാനം ഫിയോക്ക് സ്വീകരിച്ചിട്ടില്ലെന്ന് എം.സി ബോബി ദ ക്യുവിനോട് പ്രതികരിച്ചു.

തിയേറ്ററുകള്‍ പൂര്‍ണ്ണമായും തുറന്നാല്‍ ഒടിടി ഒരു പ്രശ്‌നമല്ലെന്നും ബോബി. തിയേറ്റര്‍ തുറക്കാത്ത സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ സിനിമ ഒടിടയില്‍ റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ല. തിയേറ്റര്‍ പൂര്‍വ്വ സ്ഥിതിയിലേക്കായാല്‍ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നതെന്നും എം.സി ബോബി

തിയേറ്റര്‍ തുറക്കാത്തപ്പോള്‍ സിനിമകള്‍ ഒടിടിക്ക് കൊടുക്കുന്നതില്‍ എതിര്‍പ്പില്ല

തിയേറ്റര്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്കൊരിക്കലും സിനിമ ഒടിടിക്ക് കൊടുക്കരുതെന്ന് പറയാന്‍ സാധിക്കില്ല. കൊവിഡ് സാഹചര്യം വെച്ചാണ് അവര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ കൊടുക്കുന്നത്. അതിന് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷെ തിയേറ്റര്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ തിയേറ്ററിന് വേണ്ടി തന്നെയാണെന്നാണ് നിര്‍മ്മാതാക്കള്‍ നമ്മളോട് പറയുന്നത്. ഇതുവരെ തിയേറ്റര്‍ എന്ന സംവിധാനം ഇല്ലാത്തതുകൊണ്ട് അവര്‍ ഒടിടിയിലേക്ക് സിനിമ കൊടുക്കുന്നു. അതിന് നമുക്ക് എതിര്‍പ്പ് പറയാന്‍ സാധിക്കില്ലല്ലോ. കാരണം അത് ഓരോരുത്തരുടെ താത്പര്യമല്ലേ? തിയേറ്റര്‍ പൂര്‍വ്വ സ്ഥിതിയിലേക്കായാല്‍ സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

തിയേറ്ററുകള്‍ പഴയ രീതിയിലായാല്‍ ഒടിടി വെല്ലുവിളിയല്ല

ആദ്യ കാലങ്ങളില്‍ സീരിയല്‍ വന്ന സമയത്ത് സിനിമ തിയേറ്ററിനെ അത് ബാധിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. സീരിയല്‍ വന്നിട്ട് സിനിമാക്കാര്‍ക്ക് യാതൊരു കുഴപ്പവും വന്നില്ല. സാറ്റലൈറ്റ് റൈറ്റ്സ് വന്ന സമയത്ത് സിനിമ ചാനലില്‍ വന്നാല്‍ തിയേറ്റര്‍ പൂട്ടുമെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. എന്നിട്ടും സിനിമ തിയേറ്ററിന് ഒന്നും പറ്റിയില്ല. അപ്പോ ഇതെല്ലാം ആളുകള്‍ക്ക് ഇങ്ങനെ പറയാമെന്നല്ലാതെ സിനിമ തിയേറ്ററുകള്‍ പഴയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഒരു പ്രതിസന്ധിയും ഉണ്ടാവുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.

ഒ.ടി.ടിക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്ന കാര്യം ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു

മോഹന്‍ലാലിന്റെ ഭൂരിപക്ഷം സിനിമകളും ഒ.ടി.ടിയിലേക്കാണ് പോകുന്നതെന്ന് പറയാന്‍ സാധിക്കില്ല. മരക്കാര്‍ സിനിമ തിയേറ്ററിന് വേണ്ടി എടുത്ത സിനിമയാണ്. അത് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. അപ്പോഴാണ് തിയേറ്റര്‍ വീണ്ടും സര്‍ക്കാര്‍ അടക്കുന്നത്. അതുകൊണ്ടാണ് റിലീസ് മാറിപ്പോയത്. പിന്നെ പത്തെന്‍പത് കോടി രൂപ വരുന്ന സിനിമ രണ്ട് കൊല്ലമായി ഷൂട്ട് ചെയ്തിരിക്കുകയാണ് അദ്ദേഹം. അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന് പ്രതിസന്ധിയുണ്ടാവുമല്ലോ. ആ സാഹചര്യത്തില്‍ നമ്മളോട് പറഞ്ഞിട്ട് തന്നെയാണ് അടുത്ത രണ്ട് മൂന്ന് സിനിമകള്‍ ഒടിടിക്ക് വേണ്ടി എടുത്തത്. ഒരിക്കലും അത് തിയേറ്ററിനാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ വരുമ്പോള്‍ സിനിമ ഒടിടിക്ക് കൊടുക്കുന്നതിന് തെറ്റ് പറയാന്‍ സാധിക്കുമോ?

ഇപ്പോള്‍ ഒടിടിയിലേക്ക് പോകുന്ന സിനിമകള്‍ നേരത്തെ തന്നെ തിയേറ്റര്‍ റിലീസ് അല്ലെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അത് ഒരിക്കലും സിനിമ തിയേറ്റര്‍ തുറന്നതിന് ശേഷം എടുത്ത തീരുമാനമല്ല. വേറെ സിനിമകള്‍ തിയേറ്ററിന് വേണ്ടി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അത് ഒരിക്കലും ഒടിടിയില്‍ റിലീസ് ചെയ്യില്ലല്ലോ.

പൃഥ്വിരാജിന് വിലക്കിയെന്നത് വെറും ഊഹാപോഹങ്ങള്‍

ഒരു യോഗത്തില്‍ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും നടക്കും. അതില്‍ പല രീതിയിലുള്ള അഭിപ്രായങ്ങള്‍ വരും. ആ അഭിപ്രായങ്ങളെല്ലാം ക്രോടീകരിച്ച് എടുക്കുന്ന തീരുമാനങ്ങളാണല്ലോ മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങള്‍ ഒരുപാട് ഉണ്ടാവും. പക്ഷെ മുന്നോട്ട് വെച്ച തീരുമാനത്തില്‍ പൃഥ്വിരാജിന്റെ സിനിമകള്‍ വിലക്കാന്‍ അവിടെ തീരുമാനം എടുത്തിട്ടില്ല. ആന്റണി പെരുമ്പാവൂരിന്റെ സിനിമകളും വിലക്കണമെന്ന തീരുമാനം എടുത്തിട്ടില്ല. അവിടെ പറയുന്ന അഭിപ്രായങ്ങള്‍ എടുത്ത് അവര്‍ അങ്ങനെ ചെയ്യുന്നു ഇങ്ങനെ ചെയ്യുന്നു എന്ന ഊഹാപോഹങ്ങള്‍ പറഞ്ഞാല്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും.

മരക്കാര്‍ തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്നാണ് പ്രതീക്ഷ

രണ്ടാം തരംഗത്തിന് മുമ്പ് തിയേറ്റര്‍ റിലീസിന്റെ തീയതി വരെ പ്രഖ്യാപിച്ചതാണല്ലോ. പക്ഷെ അപ്പോഴേക്കും ഗവണ്‍മെന്റ് തിയേറ്റര്‍ അടക്കാന്‍ പറയുകായിരുന്നു. എന്തായാലും തിയേറ്ററില്‍ തന്നെയാണ് സിനിമ കളിക്കുക എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ നിര്‍മ്മാതാവ് ആണല്ലോ തീരുമാനിക്കുന്നത്. എന്തായാലും മരക്കാര്‍ തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്.

പിറവം ദര്‍ശന പോലെ ഒരുപാട് തിയറ്ററുകള്‍ പ്രതിസന്ധിയിലാണ്.

നഷ്ടത്തിന്റെ കാര്യമൊന്നും കണക്ക് കൂട്ടുക തന്നെ വേണ്ട. എല്ലാം അടച്ച് പൂട്ടികിടക്കുകയല്ലേ. എത്രയോ രൂപ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി എത്രപേര്‍ക്ക് തിയേറ്റര്‍ തുറക്കാന്‍ സാധിക്കുമെന്നും നമുക്ക് പറയാന്‍ സാധിക്കില്ല. ഇപ്പോ തന്നെ പിറവം ദര്‍ശന തിയറ്ററിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നോട്ടീസ് അയച്ചു എന്ന വാര്‍ത്ത പത്രങ്ങളില്ലെല്ലാം വന്നതാണ്. ഇനി ഇതുപോലെ എത്ര തിയേറ്ററുകള്‍ ഉണ്ടാവുമെന്നത് സിനിമ തുടങ്ങി കഴിഞ്ഞാല്‍ മാത്രമെ പറയാന്‍ കഴിയു.

രണ്ട് ഡോസ് വാക്‌സിനില്‍ ഇളവ് തന്നില്ലെങ്കില്‍ പ്രതിസന്ധിയിലാവും

തിയേറ്റര്‍ തുറന്നാല്‍ ഉടനെ തന്നെ നിര്‍മ്മാതാക്കള്‍ സിനിമ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. കാരണം ഒരുപാട് കാശ് മുടക്കി സിനിമ എടുത്തതല്ലേ. അതുകൊണ്ട് തിയേറ്ററില്‍ ആളുകള്‍ വരുന്നുണ്ടോ എന്ന നോക്കി തന്നെയാണ് അവര്‍ സിനിമ ഇറക്കു. ഇപ്പോ നവംമ്പര്‍ 12ന് കുറുപ്പ് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പത്ത് മാസം അടച്ചിട്ടതിന് ശേഷമാണ് തിയറ്റര്‍ തുറന്നത്. അതിന് ശേഷം ആദ്യം റിലീസ് ചെയ്തത് മാസ്റ്ററാണ്. അത് നല്ല കളക്ക്ഷന്‍ ഉണ്ടാ്ക്കിയ സിനിമയായിരുന്നു. അങ്ങനെ രണ്ട് മാസം തിയറ്ററില്‍ ആള്‍ക്കാര്‍ വന്ന് കൊണ്ടിരിക്കെയാണ് പിന്നെയും അടക്കാന്‍ പറഞ്ഞത്. എന്തായാലും തിയേറ്റര്‍ തുറന്ന് കുറച്ച് ദിവസമൊക്കെ ഒരു ക്ഷീണം ഉണ്ടാവും. അതുകൊണ്ടാണ് സര്‍ക്കാരിനോട് ചില കാര്യങ്ങളിലൊക്കെ വിട്ടുവീഴ്ച്ച വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്.

രണ്ട് ഡോസ് വാക്‌സിനില്‍ ഇളവ് അതുപോലെ ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് എന്ന ആവശ്യങ്ങളെല്ലാം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കാരണം രണ്ട് വാക്‌സിന്‍ എടുത്തവരില്‍ കൂടുതലും അറുപത് വയസിന് മുകളിലുള്ളവരാണ്. സിനിമ കാണുന്നതില്‍ കൂടുതലും അറപത് വയസിന് താഴോട്ടുള്ളവരാണ് കാണുന്നത്. പത്ത് വയസുമുതല്‍ മുകളിലേക്കുള്ളവരാണ് സിനിമ കാണുന്നവരില്‍ കൂടുതലും. അങ്ങനെ വരുമ്പോള്‍ അത് പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഇപ്പോ ബസില്‍ ആളുകളെ ഇഷ്ടം പോലെ കയറി പോകുന്നുണ്ട്. റെസ്റ്റോറെന്റിലും അങ്ങനെ തന്നെ. അതുകൊണ്ട് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും കാര്യങ്ങള്‍ വേണ്ട വിധത്തില്‍ തന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷയിലാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in