ഫ്രണ്ട്സിലെ 'ചാൻഡ്‌ലർ ബിംഗ്' എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ നടൻ മാത്യു പെറിയെ ശനിയാഴ്ചയാണ് ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 1994 മുതൽ 2004 വരെ 10 സീസണുകളിലായി ഇറങ്ങിയ "ഫ്രണ്ട്സ്" എന്ന സീരീസിലെ ചാൻഡ്‌ലർ എന്ന കഥാപാത്രം മാത്യു പെറിക്ക് നേടി കൊടുത്തത് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണ്. ചാൻഡലർ ബിംഗ് എന്ന കഥാപാത്രത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ചിരി സമ്മാനിക്കുന്നതിനോടൊപ്പം തന്നെ തന്റെ പുസ്തകമായ ഫ്രണ്ട്‌സ് ലവേഴ്സ് ആൻഡ് ദി ടെറിബിൾ തിങ്‌സിലൂടെ തന്റെ അഡിക്ഷനെപ്പറ്റിയും മാത്യു പെറി തുറന്നു പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് മറക്കാനാകാത്ത ഫ്രണ്ട്സിലെ ചാൻഡ്ലറിനപ്പുറം മരണത്തിന് ശേഷം തന്നെ പ്രേക്ഷകർ എങ്ങനെ ഓർക്കണം എന്ന് മാത്യു തന്റെ പുസ്തകത്തിലെഴുതിയിരുന്നു.
മാത്യു പറഞ്ഞത് :
എന്റെ ജീവിതത്തിൽ നിരവധി ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. എന്നാൽ എന്നിലെ മികച്ച കാര്യമെന്തെന്നാൽ ഒരു മദ്യപാനിയോ ഡ്രഗ് അഡിക്റ്റോ എന്റെ അടുത്ത് വന്നു തന്നെ സഹായിക്കുമോ എന്ന് അഭ്യർഥിച്ചാൽ ഞൻ ഉടൻ പറയും, അതെ, എനിക്കറിയാം അത് എങ്ങനെ ചെയ്യണമെന്ന്. എനിക്ക് വേണ്ടി എപ്പോഴും അത് ചെയ്യാനവ്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും നിങ്ങൾക്ക് വേണ്ടി ഞാനത് ചെയ്യും. അതുകൊണ്ട് എന്നെക്കൊണ്ട് കഴിയുമ്പോഴെല്ലാം ഞാനത് ചെയ്തുകൊണ്ടിരുന്നു. ഞാൻ മരിക്കുമ്പോൾ ആളുകൾ ഫ്രണ്ട്സിനെക്കുറിച്ച് സംസാരിക്കുമെന്നത് ഉറപ്പാണ്, ഒരു നടനെന്ന രീതിയിൽ അതിൽ താൻ സന്തോഷവാനാണ്. എന്നാൽ മരണശേഷം താൻ മറ്റുള്ളവർക്കായി ചെയ്ത നല്ല കാര്യങ്ങൾ ഫ്രണ്ട്സിന് മുന്നിലായി പറയുകയാണെങ്കിൽ നല്ലതായിരിക്കും. അത് സാധ്യമാകില്ലെന്ന് എനിക്കറിയാം, പക്ഷേ അങ്ങനെ സംഭവിച്ചാൽ അത് നല്ലതായിരിക്കും.
അഡിക്ഷനിലൂടെ കടന്നു പോകുന്നവരെ സഹായിക്കാനായി മാലിബുവിൽ പെറി ഹൗസ് എന്ന ഫെസിലിറ്റി മാത്യു ആരംഭിച്ചിരുന്നു. ദി ഏൻഡ് ഓഫ് ലോങ്ങിങ് എന്ന തന്റെ നാടകം വഴി തന്റെ അഡിക്ഷനെ ആസ്പദമാക്കി അതുവഴി അദ്ദേഹത്തെപ്പോലുള്ളവരുമായും അവരെ സ്നേഹിക്കുന്നവരുമായും കണക്ട് ചെയ്യാനും മാത്യു പെറിക്ക് കഴിഞ്ഞു. ഡേറ്റിംഗ്, കരിയർ, സൗഹൃദം എന്നിവയിലൂടെ സഞ്ചരിക്കുന്ന ആറ് ന്യൂയോർക്കുകാരുടെ ജീവിതം പിന്തുടർന്ന ഫ്രണ്ട്‌സിലെ പ്രകടനത്തിന് 2002-ൽ മാത്യു പ്രൈംടൈം എമ്മി നോമിനേഷൻ നേടി. 1988-ലെ "എ നൈറ്റ് ഇൻ ദ ലൈഫ് ഓഫ് ജിമ്മി റിയർഡൺ" എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച മാത്യു പെറി, ഫൂൾസ് റഷ് ഇൻ, ഓൾമോസ് ഹീറോസ്, ദ ഹോൾ നൈൻ യാർഡ്സ് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.