വിജയ് യുടെ മാസ്റ്റര്‍ ഒ.ടി.ടി റിലീസിന്, ട്വിറ്ററില്‍ തര്‍ക്കം; നിര്‍മ്മാതാക്കളുടെ വിശദീകരണവും സാധ്യതകളും

വിജയ് യുടെ മാസ്റ്റര്‍ ഒ.ടി.ടി റിലീസിന്, ട്വിറ്ററില്‍ തര്‍ക്കം; നിര്‍മ്മാതാക്കളുടെ വിശദീകരണവും സാധ്യതകളും
Published on

വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മാസ്റ്റര്‍ ദക്ഷിണേന്ത്യന്‍ സിനിമാ ലോകം ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ്. കൊവിഡും ലോക്ക് ഡൗണും മൂലം റിലീസ് വൈകുന്ന ചിത്രം ഒ.ടി.ടി റിലീസായിരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ വന്നിരുന്നുവെങ്കിലും നിര്‍മ്മാതാക്കളും സംവിധായകനും ഉള്‍പ്പെടെ ഇത് തള്ളിയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തുമെന്നും നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും LetsOTT GLOBAL എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ തര്‍ക്കം മുറുകുകയാണ്. ചിത്രം നേരിട്ട് തിയറ്ററിലെത്തുമെന്ന വാദവുമായി വിജയ് ഫാന്‍സ് രംഗത്ത് വന്നു. പൊങ്കല്‍ റിലീസിനൊപ്പം അതേ ദിവസം തന്നെ ഒടിടി പ്രിമിയര്‍ ആലോചിക്കുന്നുണ്ടെന്നും വിജയ് ഫാന്‍സ് എന്ന് അവകാശപ്പെടുന്ന ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ട്വീറ്റ് ചെയ്തു.

ജനുവരിയില്‍ പൊങ്കല്‍ റിലീസായി മാസ്റ്റര്‍ എത്തുമെന്ന് ഫിലിം ജേണലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. തമിഴ് നാട്ടില്‍ നിന്നുള്ള മറ്റൊരു ഫിലിം ജേണലിസ്റ്റ് രാജശേഖറും മാസ്റ്റര്‍ തിയറ്റര്‍ റിലീസായിരിക്കുമെന്ന് ട്വീറ്റ് ചെയ്തു. തിയറ്റര്‍ റിലീസ് മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് മാസ്റ്റര്‍ അണിയറക്കാര്‍ അറിയിച്ചെന്നും രാജശേഖര്‍. ഒടിടി റിലീസാണെന്ന പ്രചരണം നിര്‍മ്മാതാക്കള്‍ തള്ളിയതായും ഫാന്‍സ് ട്വീറ്റ് ചെയ്യുന്നുണ്ട്.

മാസ്റ്റര്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സ് ഇന്ത്യ സ്വന്തമാക്കിയതായി ചില തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതായിരിക്കാം ഒടിടി റിലീസാണെന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അറിയുന്നു. ഭീമമായ തുകയാണ് നെറ്റ്ഫ്‌ളിക്‌സ് വാഗാദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്റ്ററിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയതായും എന്നാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച തീരുമാനം ഇതുവരെയായിട്ടില്ലെന്നും നിര്‍മ്മാതാക്കളോട് അടുത്ത വൃത്തങ്ങള്‍ ഇന്ത്യടുഡേയോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നവംബര്‍ 14ന് പുറത്തുവന്ന മാസ്റ്റര്‍ ടീസര്‍ ദിവസങ്ങള്‍ക്കുള്ളില്‍ 40 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ തിയറ്ററില്‍ മാസ്റ്റര്‍ ടീസറിന് ലഭിച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൈദിയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം തിയറ്ററില്‍ തന്നെ റിലീസ് വേണമെന്നാണ് ആരാധകരുടെ പക്ഷം. സൂര്യ നായകനായ സൂരരെ പോട്ര് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തപ്പോള്‍ സിനിമ തിയറ്റര്‍ അന്തരീക്ഷത്തില്‍ മിസ് ചെയ്യുന്നതിന്റെ നിരാശ ആരാധകര്‍ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. ബോക്സ് ഓഫീസില്‍ സൂര്യയുടെ ശക്തമായ തിരിച്ചുവരവ് കൊവിഡ് നഷ്ടപ്പെടുത്തിയെന്ന വാദവുമുണ്ടായി. 2020 ഏപ്രില്‍ ഒമ്പതിന് റിലീസ് ചെയ്യാന്‍ ആലോചിച്ചിരുന്ന ചിത്രമായിരുന്നു മാസ്റ്റര്‍.

Related Stories

No stories found.
logo
The Cue
www.thecue.in