മരക്കാര്‍ ഒടിടി മാത്രം; തിയറ്ററിലേക്ക് ഇല്ല

മരക്കാര്‍ ഒടിടി മാത്രം; തിയറ്ററിലേക്ക് ഇല്ല
Published on

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ആമസോണ്‍ പ്രൈമിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് വിവരം. നേരത്തെ ആമസോണ്‍ പ്രതിനിധികള്‍ ചിത്രം കണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

തിയറ്റര്‍ റിലീസിനായി ഫിലിം ചേംബറും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. 50 കോടി രൂപ തിയറ്ററുകള്‍ അഡ്വാന്‍സ് തുകയായി നല്‍കണം എന്ന ആന്റണി പെരുമ്പാവൂറിന്റെ ആവശ്യം തിയേറ്ററുടമകള്‍ അംഗീകരിച്ചില്ല. ഇതോടെയാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കാന്‍ തീരുമാനമായത്.

ആമസോണുമായി ചര്‍ച്ചകള്‍ നടക്കുന്നതായി സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കിയിരുന്നു. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ല, മരക്കാര്‍ സിനിമയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പെഴും ഒടുവില്‍ അത് പൂര്‍ത്തിയായപ്പോഴും തിയറ്റര്‍ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നതെന്നും ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം ആന്റണി പെരുമ്പാവൂര് പറഞ്ഞിരുന്നു.

തിയറ്റര്‍ റിലീസിനായി ഫിയോക് ഉള്‍പ്പടെയുള്ള സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവരും ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യ മലയാള സിനിമയായ മരക്കാറിന്റെ തിരക്കഥ പ്രിയദര്‍ശനും അനി ഐ.വി ശശിയുമാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് സിനിമ. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെ വന്‍താരനിര മരക്കാറിലുണ്ട്.

മോഹന്‍ലാല്‍ നായകനായ ദൃശ്യം സെക്കന്‍ഡ് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍ എന്നിവ ഒടിടി റിലീസായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in