പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസാണെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. സിനിമയുടെ സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ എല്ലാവരോടും ചര്‍ച്ച ചെയ്തിട്ടാണ് ഈ തീരുമാനത്തിലെത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം:
'തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ച് ചെയ്ത സിനിമയാണ് മരക്കാര്‍. പക്ഷെ ആ സിനിമ പല കാരണങ്ങളാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാത്ത ഒരു സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അതുകൊണ്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റ്‌ഫോമിലായിരിക്കും റിലീസ് ചെയ്യുക. സിനിമയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ സിനിമ തിയേറ്ററിലെത്തിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് പേര്‍ പ്രയത്‌നിച്ചു. മന്ത്രി സജി ചെറിയാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു മീറ്റിങ്ങ് വെച്ചിരുന്നു. ആ മീറ്റിങ്ങും അവസാന നിമിഷത്തില്‍ നടക്കാതെ പോയി. ആ മീറ്റിങ്ങ് നടക്കാത്തതിനെ കുറിച്ച് മറ്റ് പലരും പറയുന്നതല്ല അതിന്റെ സത്യം. ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ്. ഫിലിം ചേമ്പര്‍, ഫെഫ്ക എന്നീ സംഘടനകളാണ്. ചര്‍ച്ചക്ക് മുമ്പ് തിയേറ്റര്‍ ഉടമകളുടെ സംഘടനയോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിഗണനകള്‍ ചെയ്യാന്‍ പറ്റില്ലെന്നാണ് അറിയിച്ചത്. അത് നിര്‍മ്മാതാക്കളുടെ സംഘടന എന്നെ അറിയിച്ചപ്പോള്‍ സജി ചെറിയാന്‍ പോലൊരു വ്യക്തിയുടെ അടുത്ത് നമ്മളെല്ലാം പോയിട്ട് അത് നടക്കില്ലെന്ന സാധ്യതയാണെങ്കില്‍ അത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ ഒരു ചര്‍ച്ച ഇല്ലാതായതിനെ തുടര്‍ന്നാണ് മരക്കാറിന്റെ ഒടിടി റിലീസ് സ്ഥിരീകരിക്കേണ്ടി വന്നത്.
അതുപോലെ ഈ സിനിമയ്ക്ക് 40 കോടിയോളം അഡ്വാന്‍സ് തന്നു എന്ന് പറഞ്ഞ് ഒരുപാട് പ്രചരണങ്ങള്‍ നടന്നു. തിയേറ്റര്‍ ഉടമകളുടെ സംഘടന അത് ശരിയാണെന്നോ തെറ്റാണെന്നോ ഒന്നും പറയാതെ അത് ആഘോഷിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും 40 കോടി തിയേറ്റര്‍ ഉടമകള്‍ തന്നാല്‍ ആ സിനിമ തിയേറ്ററില്‍ തന്നെ കളിക്കാന്‍ എത്ര സാധ്യതകള്‍ ഉണ്ടായിരുന്നു. പക്ഷെ അത്രയും പൈസ കൊടുത്ത് ഇതിന് മുന്‍ കാലങ്ങളിലൊന്നും തന്നെ ഒരു സിനിമയും തിയേറ്ററില്‍ കളിച്ചിട്ടില്ല. വളരെ സാധാരണത്വമുള്ള പൈസ പോലും തരാന്‍ പറ്റാത്ത കാലത്താണ് ഈ സിനിമ സാമ്പത്തികമായി എന്നെ സഹായിച്ചത്.
കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ പല ഘട്ടങ്ങളിലും അസോസിയേഷന്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ പൈസ എനിക്ക് തന്നിട്ടുണ്ട്. ഞാന്‍ അവരുടെ സഹായത്തോടെയാണ് ഒരുപാട് ചിത്രങ്ങള്‍ റിലീസ് ചെയ്തത്. ഭാവിയിലും റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടന അംഗങ്ങള്‍ തന്നെ ആശിര്‍വാദിന്റെ സിനിമയെ ഒരുപാട് സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്്. ഒരുപാട് ദിവസം സിനിമ തിയേറ്ററില്‍ ഓടിക്കാന്‍ വേണ്ടി അവര്‍ തയ്യാറായിട്ടുണ്ട്. ഇതൊന്നും ഒരിക്കലും മറക്കാന്‍ പറ്റുന്ന കാര്യമല്ല. എല്ലാ കാലത്തും ഞങ്ങളുടെ സിനിമകളെ തിയേറ്റര്‍ ഉടമകള്‍ പിന്തുണച്ചിട്ടുണ്ട്. ഈ സമയത്തും അവര്‍ക്ക് പിന്തുണക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച നടന്നതായി സത്യമായും ഞാന്‍ മനസിലാക്കുന്നില്ല.
ഒരുപാട് ചര്‍ച്ചകള്‍ തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തി. എന്നാല്‍ അതില്‍ ഒന്നില്‍ പോലും ഒരു അംഗങ്ങളും എന്നെ വിളിച്ച് സംസാരിച്ചിട്ടില്ല. അത് വളരെ സങ്കടം തോന്നിയ കാര്യമാണ്. കാരണം തിയേറ്റര്‍ ഉടമകളോട് ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. കഴിഞ്ഞ തവണ തിയേറ്റര്‍ തുറന്നപ്പോള്‍ മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തന്നെയാണ് ഞാന്‍ തീരുമാനിച്ചത്. അത് അനുസരിച്ച് തിയേറ്റര്‍ സംഘടനയുടെ മീറ്റിങ്ങില്‍ ആശിര്‍വാദ് സിനിമാസ് പറഞ്ഞു, തിയേറ്റര്‍ തുറന്നാല്‍ എല്ലാ തിയേറ്ററുകളില്‍ മരക്കാര്‍ റിലീസ് ചെയ്യണമെന്ന്. എല്ലാ സ്‌ക്രീനിലും 21 ദിവസം കളിച്ച് തരണം എന്നും പറയുകയുണ്ടായി. കാരണം ഇത് പോലൊരു സിനിമ മലയാളികളുടെ മുന്നില്‍ കാണിക്കണം. കാരണം അത് അഭിമാനത്തിന്റെ അവസരം കൂടിയാണ്. അന്ന് വളരെ അധികം പിന്തുണയോട് കൂടിയാണ് തിയേറ്റര്‍ ഉടമകള്‍ ഞങ്ങളോട് സംസാരിച്ചത്.
അങ്ങനെ സംഘടന എന്നോട് എല്ലാ തിയേറ്ററില്‍ നിന്നും എഗ്രിമെന്റ് വാങ്ങിച്ചാല്‍ മാത്രമെ നിങ്ങളെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റുകയുള്ളു എന്ന് പറഞ്ഞു. അത് പ്രകാരം 220ഓളം തിയേറ്ററുകള്‍ക്ക് എന്റെ ഓഫീസില്‍ നിന്നും എഗ്രിമെന്റുകള്‍ അയച്ചു. അതില്‍ നിന്ന് സിനിമ റിലീസ് ചെയ്യാമെന്ന് പറഞ്ഞ് 89 തിയേറ്ററുകളാണ് എനിക്ക് എഗ്രിമെന്റ് തിരിച്ച് അയച്ചത്. ആ സമയത്ത് തന്നെ ഇക്കാര്യത്തില്‍ നമുക്ക് പിന്തുണയുണ്ടോ ഇല്ലയോ എന്ന് നമുക്ക് മനസിലായി. അന്ന് എനിക്ക് മനസിലായത് മരക്കാറിന്റെ തിയേറ്റര്‍ റിലീസിന് എല്ലാവരുടെയും പിന്തുണ ഇല്ല എന്നാണ്. വലിയ കമ്പനികളുടെ ഒരുപാട് സിനിമകള്‍ റിലീസിന് വരുന്നുണ്ട്. അതുകൊണ്ട് ആ സിനിമകള്‍ കളിക്കാതിരിക്കാന്‍ പറ്റില്ലെന്നാണ് തിയേറ്റര്‍ സംഘടന അന്ന് പറഞ്ഞത്. അതുകൊണ്ട് മരക്കാറിന് എഗ്രിമെന്റ് തരാന്‍ പറ്റില്ലെന്ന് വളരെ കര്‍ക്കശമായി തന്നെ ആ തിയേറ്റര്‍ ഉടമകള്‍ പറയുകയും എഗ്രിമെന്റുകള്‍ അയക്കാതിരിക്കുകയും ചെയ്തു. മോഹന്‍ലാല്‍ സാറിന്റെ എത്രയോ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ കളിച്ചിട്ടുണ്ട്. എന്നിട്ടും ഇവര്‍ പിന്തുണക്കാത്തതെന്താണെന്ന് അത്ഭുതത്തോടെ ഞാന്‍ അന്ന് ചിന്തിച്ചു.
പിന്നീട് രണ്ടാമത് തിയേറ്റര്‍ തുറന്ന സമയത്ത് റിലീസ് ചെയ്യാനുള്ള സിനിമകളെല്ലാം തന്നെ തിയേറ്റര്‍ ഉടമകളുടെ സംഘടന ചാര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാല്‍ സംഘടനയിലെ ഒരാള്‍ പോലും എന്നെ വിളിച്ച് എന്നാണ് ആന്റണിയുടെ സിനിമ റിലീസ് എന്ന് ചോദിച്ചില്ല. തിയേറ്ററില്‍ മരക്കാര്‍ റിലീസ് ചെയ്യുകയാണെങ്കില്‍ വളരെ അധികം പൈസ കളക്റ്റ് ചെയ്താല്‍ മാത്രമെ എനിക്കിത് മുതലാവുകയുള്ളു. ഇത് കൊവിഡ് പ്രതിസന്ധിയുടെ സമയം കൂടിയാണ്. അങ്ങനെ മോഹന്‍ലാല്‍ സാറിന്റെ അടുത്ത് എന്റെ ഈ സങ്കടം ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞത് ആന്റണി നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ നമ്മള്‍ ബലത്തോടെ ഉണ്ടാവണം. അത് ഒരു സിനിമയിലൂടെ നഷ്ടപ്പെട്ടാല്‍ വീണ്ടും അതുപോലുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ പറ്റില്ല എന്നാണ്. ആ ഒരു നിര്‍ദ്ദേശത്തില്‍ നിന്നാണ് സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് ചിന്തിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ സാറിന്റെയും എല്ലാവരുടെയും സമ്മതം വാങ്ങിച്ചിട്ടാണ് സിനിമ ഒടിടിക്ക് കൊടുക്കുന്നത്.'