റിസര്‍വേഷനിലൂടെ 100 കോടി ക്ലബ്ബിലെത്തി മരക്കാര്‍; കേരളത്തില്‍ 626 സ്‌ക്രീനുകളില്‍ പ്രദര്‍ശനം

റിസര്‍വേഷനിലൂടെ 100 കോടി ക്ലബ്ബിലെത്തി മരക്കാര്‍; കേരളത്തില്‍ 626 സ്‌ക്രീനുകളില്‍ പ്രദര്‍ശനം
Published on

റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടി മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകവ്യാപകമായുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി നേടിയിരിക്കുന്നത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് മരക്കാര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം മരക്കാര്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ പ്രീ ബുക്കിങ്ങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് ചിത്രം നൂറ് കോടി നേടിയത്. റിലീസിന്റെ ഭാഗമായി മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് കുറിച്ചിട്ടുണ്ട്.

ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതല്‍ റിലീസിങ് സെന്ററുകളാണ് മരക്കാര്‍ നേടിയത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. 6,000 ഷോകളാണ് ദിവസേന നടക്കുക. കേരളത്തില്‍ 631സ്‌ക്രീനുകളിലാണ് പ്രദര്‍ശനം നടക്കുക. അതില്‍ 626 സ്‌ക്രീനുകളിലും നാളെ ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ഇത്രയധികം തിയേറ്ററുകളില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ചെയ്യുന്നത്.

ഏകദേശം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രം നാളെ റിലീസിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങളും കരസ്ഥമാക്കി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in