'സിനിമാ മേഖലയിലെ ഈ മാറ്റങ്ങള്‍ ഒരു കൊടുങ്കാറ്റല്ല, ശുഭസൂചനയാണ്': മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരം

'സിനിമാ മേഖലയിലെ ഈ മാറ്റങ്ങള്‍ ഒരു കൊടുങ്കാറ്റല്ല, ശുഭസൂചനയാണ്': മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരം
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന് പിന്നാലെ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ ശുഭസൂചനയായിട്ടാണ് കാണുന്നതെന്ന് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരം. ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ലാതെ തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും പണിയെടുക്കാന്‍ കഴിയണം. ചൂഷണം നടക്കുന്ന ഒരു മേഖലയായി സിനിമ മുന്നോട്ടു പോകരുത്. അതിനെതിരെ നടപടിയുണ്ടാകണം. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകരാണ് മലയാളത്തില്‍ ഉള്ളത്. കഥയ്ക്ക് ആവശ്യമില്ലാത്ത ഒരു നായിക സമയ നഷ്ടമാണെന്നും സ്ത്രീ പ്രാതിനിധ്യം നോക്കി ആരും സിനിമ ചെയ്യില്ലെന്നും 'മനോരമ ന്യൂസ് കോണ്‍ക്ലേവ്' എന്ന പരിപാടിയില്‍ ചിദംബരം പറഞ്ഞു. സിനിമാ മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. നല്ലതിന് വേണ്ടിയുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

ചിദംബരം പറഞ്ഞത്:

ചൂഷണം നടക്കുന്ന ഒരു മേഖലയായി സിനിമാ വ്യവസായം മുന്നോട്ട് പോകരുത്. അതിനുവേണ്ടിയുള്ള നടപടികളും തീരുമാനങ്ങളും ഉണ്ടാകണം. നവോത്ഥാനം എളുപ്പമല്ല. എല്ലാവര്‍ക്കും ദഹിച്ചെന്നു വരില്ല. മാറ്റവും എളുപ്പമല്ല. ഇപ്പോഴുണ്ടായിട്ടുള്ള സംഭവങ്ങളെ ഒരു കൊടുങ്കാറ്റായിട്ടൊന്നും കാണുന്നില്ല. ശുഭസൂചനയായിട്ടാണ് കരുതുന്നത്. മാറിയേ പറ്റൂ. കാരണം കാലഘട്ടം മാറി. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തൊഴിലിടങ്ങളില്‍ പണിയെടുക്കാന്‍ പറ്റണം. നല്ലതിന് വേണ്ടിയുള്ള മാറ്റമാണിത്.

മലയാളത്തിലെ പ്രേക്ഷകര്‍ എപ്പോഴും ഗൗരവമായി തന്നെ സിനിമയെ കാണുന്നവരാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകരാണ് നമുക്കുള്ളത്. അതുകൊണ്ടാണ് മികച്ച സിനിമകള്‍ ഉണ്ടാക്കാന്‍ ശ്രമമുണ്ടാകുന്നത്. തട്ടിക്കൂട്ട് സിനിമ മലയാളത്തില്‍ ചെയ്യാന്‍ കഴിയില്ല. സിനിമ മുഴുവന്‍ രാഷ്ട്രീയപരമായി കൃത്യമായിരിക്കണം.

ഒരു സിനിമ ചെയ്ത് തുടങ്ങുമ്പോള്‍ അതില്‍ 30% സ്ത്രീകള്‍ വേണമെന്ന് ആരും നേരത്തെ ചിന്തിക്കില്ല. നായികയ്ക്ക് വേണ്ടി മാത്രം ഒരാളെ കൊണ്ടുവന്ന് അഭിനയിപ്പിക്കുമ്പോള്‍ നടിയുടെയും എന്റെയും സമയം പാഴായിപ്പോവുകയാണ്. കാണുന്നവര്‍ക്കും സമയം നഷ്ടമാണ്. കഥയ്ക്ക് അനിവാര്യമാണെങ്കില്‍ തീര്‍ച്ചയായും ചെയ്യണം. സ്ത്രീകളുടെ ശക്തി എന്ന് പറയുന്നത് ലോകത്ത് എല്ലായിടത്തുമുണ്ട്. അത് നിഷേധിക്കാനും കഴിയില്ല. ഒരു വലിയ നായിക വേണം എന്ന് ആലോചിച്ച് സിനിമ എഴുതുന്നവരുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ്. ടൂറിന് പോയി കുഴിയില്‍ ചാടുന്ന മണ്ടത്തരം ഒക്കെ പുരുഷന്മാരാണ് ചെയ്യുക.

Related Stories

No stories found.
logo
The Cue
www.thecue.in