'അതയും താണ്ടി പുനിതമാനത്'; തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്, 100 കോടി കടക്കുന്ന നാലാമത്തെ മലയാള ചിത്രം

'അതയും താണ്ടി പുനിതമാനത്'; തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്, 100 കോടി കടക്കുന്ന നാലാമത്തെ മലയാള ചിത്രം
Published on

തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സ് ആ​ഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്നു. ജാൻ-എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്നും അപ്രതീക്ഷിതവും അതി​ഗംഭീരവുമായ പ്രതികരണമാണ് നേടുന്നത്. തമിഴ്നാട്ടിൽ നിന്നും 10 കോടി ​ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും മഞ്ഞുമ്മൽ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ലൂസിഫർ, പുലിമുരുകന്‍, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം തിയറ്റർ കലക്‌ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ദിവസത്തിൽ 1200 ൽ അധികം ഷോകളാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മലിനുള്ളത്. ​ഗുണ കേവും കമൽ ഹാസൻ സിനിമായ ​ഗുണയുടെ റെഫറൻസുകളുമെല്ലാം തമിഴ്നാട്ടിലെ മഞ്ഞുമ്മലിന്റെ വിജയത്തിന് കാരണങ്ങളാണ്. തമിഴ്നാട്ടിൽ ബുക്ക്‌ മെെ ഷോയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. മാർച്ച് ഒന്നിനു തമിഴിൽ റിലീസ് ചെയ്ത ഗൗതം മേനോൻ ചിത്രം ജോഷ്വ: ഇമൈ പോല്‍ കാക എന്നീ സിനിമകളെ കടത്തിവെട്ടിയാണ് മഞ്ഞുമ്മലിന്റെ തമിഴ്നാട്ടിലെ തേരോട്ടം. മഞ്ഞുമ്മൽ ബോയ്സ് ഞായറാഴ്ച മാത്രം തമിഴ്നാട്ടിൽ നിന്നും വാരിക്കൂട്ടിയത് 4.82 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെയും തമിഴ്നാട്ടിലെയും ഞായറാഴ്ചയിലെ കലക്‌ഷൻ വച്ചു നോക്കിയാൽ ഇന്ത്യൻ ബോക്സ്ഓഫിസിൽ ഏറ്റവുമധികം ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രമായും മഞ്ഞുമ്മൽ മാറി. 30 കോടിയാണ് പത്തുദിവസംകൊണ്ട് കേരളത്തില്‍ നിന്നും നേടിയത്.

അതേസമയം മഞ്ഞുമല്‍ ബോയ്സ് ഇത്രവലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ ചിദംബരം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. വിജയമാകണമെന്ന് കരുതിതന്നെയാണ് ഓരോ സിനിമയുമെടുക്കുന്നത്. എന്നാല്‍ മഞ്ഞുമല്‍ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ മുകളിലാണെന്ന് ചിദംബരം പറയുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി ദുബായ് അല്‍ ഖുറൈർ സെന്‍ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിദംബരം.

Related Stories

No stories found.
logo
The Cue
www.thecue.in