തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യര്‍. സല്ലാപം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ 'നിങ്ങളൊരു നേര്‍ച്ചക്കോഴിയാണ്' എന്ന് ലോഹിതദാസ് തന്നോട് പറഞ്ഞു. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം അത് പറഞ്ഞതിന്റെ പൊരുള്‍ തനിക്ക് മനസ്സിലായത്. തന്റെ സിനിമാ ജീവിതത്തെ സംബന്ധിച്ച് നികത്താന്‍ കഴിയാത്ത നഷ്ടമാണ് ലോഹിതദാസിന്റെ വിയോഗം. സ്‌നേഹത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്ന വ്യക്തിയാണ് ലോഹിതദാസ് എന്ന് അമൃത ടിവിയുടെ 'ഓര്‍മ്മയില്‍ എന്നും' എന്ന പരിപാടിയില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന സിനിമയാണ് മഞ്ജു വാര്യരെ ജനപ്രിയയാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ് മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു.
മഞ്ജു വാര്യര്‍ പറഞ്ഞത്:
സല്ലാപത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് ഏതോ ഷോട്ടിന്റെ ഇടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. മഞ്ജു ഒരു നേര്‍ച്ചക്കോഴിയാണ് എന്ന് മാത്രമാണ് പറഞ്ഞത്. അന്ന് എനിക്കതിന്റെ അര്‍ഥം മനസ്സിലായില്ല. എന്നെ കളിയാക്കിയതാണോ എന്ന് ഞാന്‍ ആ സമയത്ത് വിചാരിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥവും ആഴവും വ്യാപ്തിയും എന്താണെന്ന് എനിക്ക് മനസ്സിലായത്. നികത്താനാവാത്ത നഷ്ടം എന്ന് ചില ആളുകളുടെ വിയോഗത്തെക്കുറിച്ച് നമ്മള്‍ പറയാറുണ്ട്. എന്നെ സംബന്ധിച്ച് എന്റെ സിനിമാ ജീവിതത്തില്‍ നികത്താന്‍ കഴിയാത്ത നഷ്ടം എന്നും ലോഹി സാറിന്റെ വിയോഗം തന്നെയായിരിക്കും. അറിഞ്ഞോ അറിയാതെയോ ഞാന്‍ മനസ്സില്‍ വിചാരിച്ച് പ്രാര്‍ത്ഥിക്കുകയും അല്ലങ്കില്‍ സ്‌നേഹത്തോടെയും നന്ദിയോടെയും ഓര്‍ക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് എന്നെ സംബന്ധിച്ച് ലോഹിതദാസ് സാര്‍.
രജിനികാന്ത് നായകനായി എത്തുന്ന 'വേട്ടയനാണ്' മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തില്‍ രജിനിയുടെ ഭാര്യ താര എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ശക്തമായ ഒരു കഥാപാത്രത്തെയാണ് വേട്ടയ്യനില്‍ താന്‍ അവതരിപ്പിക്കുന്നത് എന്നും രജിനികാന്തിനൊപ്പം അഭിനയിക്കുക എന്നതിനെക്കാളുപരി ജ്ഞാനവേലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിക്കുന്നതിന്റെ ആവേശം തനിക്കുണ്ടെന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.