ലേഡി സൂപ്പർ സ്റ്റാർ ടെെറ്റിലിനെക്കുറിച്ച് സോഷ്യൽ മീഡയയിൽ നടക്കുന്നത് അനാവശ്യ ചർച്ചകൾ, ടെെറ്റിൽ വേണ്ട ആളുകളുടെ സ്നേ​ഹം മതി; മഞ്ജു വാര്യർ

ലേഡി സൂപ്പർ സ്റ്റാർ ടെെറ്റിലിനെക്കുറിച്ച് സോഷ്യൽ മീഡയയിൽ നടക്കുന്നത് അനാവശ്യ ചർച്ചകൾ, ടെെറ്റിൽ വേണ്ട ആളുകളുടെ സ്നേ​ഹം മതി; മഞ്ജു വാര്യർ
Published on

ലേഡി സൂപ്പർ സ്റ്റാർ എന്ന ടെെറ്റിലിൽ താൽപര്യമില്ലെന്ന് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലടക്കം ആളുകൾ അവരവരുടേതായ നിർവചനങ്ങൾ നൽകി അതിനെക്കുറിച്ച് ആവശ്യമില്ലാത്ത ചർച്ചകളാണ് നടത്തുന്നത് എന്നും തനിക്ക് അത്തരം ടെെറ്റിലുകളോട് താൽപര്യമില്ലെന്നും മഞ്ജു വാര്യർ ഇന്ത്യൻ സിനിമ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മഞ്ജു.

മഞ്ജു വാര്യർ പറഞ്ഞത്:

ലേഡി സൂപ്പർ സ്റ്റാർ എന്ന വാക്ക് തന്നെ എനിക്ക് ഇപ്പോൾ വലിയൊരു ഇൻസൾട്ടായിട്ടാണ് തോന്നുന്നത്. കാരണം അത് വളരെ ഓവർ ആയിട്ട് ഉപയോ​ഗിച്ച് അവരവരുടെ നിർവചനങ്ങൾ ഒക്കെ കൊടുത്ത് ആവശ്യമില്ലാത്ത ചർച്ചകളാണ് അതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തന്നെ നടക്കുന്നത്. അതുകൊണ്ട് എനിക്ക് അതിലേക്ക് കടക്കേണ്ട. എനിക്ക് ആളുകളുടെ സ്നേഹം മതി, ഇതുപോലെയുള്ള ടെെറ്റിലുകൾ ഒന്നും വേണ്ട.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ടെക്‌നിക് ആണ് ഫൗണ്ട് ഫൂട്ടേജ്. ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണമെഴുതുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷിനോസാണ്. ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരൻ തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in