'അടുത്തത് എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയാത്ത സിനിമകളാണ് അദ്ദേഹത്തിന്റേത്, ആ ഒരു ഫ്ലേവർ ചിലപ്പോൾ ഈ സിനിമയിലും കാണാം'; മഞ്ജു വാര്യർ

'അടുത്തത് എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയാത്ത സിനിമകളാണ് അദ്ദേഹത്തിന്റേത്, ആ ഒരു ഫ്ലേവർ ചിലപ്പോൾ ഈ സിനിമയിലും കാണാം'; മഞ്ജു വാര്യർ
Published on

അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നത് പറയാൻ പറ്റാത്ത തരത്തിലുള്ള സിനിമകൾ ചെയ്യുന്ന ആളാണ് സംവിധായകൻ അനുരാ​ഗ് കശ്യപ് എന്ന് മഞ്ജു വാര്യർ. അനുരാ​ഗും താനും തമ്മിലുള്ള സൗഹൃദം വർഷങ്ങളായി ഉള്ളതാണ് എന്നും ഫുട്ടേഷ് എന്ന ചിത്രത്തെക്കുറിച്ച് അറിയാൻ അദ്ദേഹത്തിന് തുടക്കം മുതലേ താൽപര്യമുണ്ടായിരുന്നുവെന്നും മഞ്ജു വാര്യർ പറയുന്നു. അനുരാ​ഗ് കശ്യപ് മലയാളത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ചിത്രം ഒരുപക്ഷേ ഫുട്ടേജ് ആയിരിക്കുമെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞു.

മഞ്ജു വാര്യർ പറഞ്ഞത്:

ഞാൻ അനു​രാ​ഗിന്റെ അടുത്ത് ഈ സിനിമ കണ്ടു നോക്കാൻ അഭ്യർത്ഥിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, അദ്ദേഹം അത് അവതരിപ്പിക്കാം എന്ന് പറയുകയായിരുന്നു. ഞാനും അനുരാ​ഗും തമ്മിലുള്ള സൗഹൃദം കുറേ വർഷങ്ങളായി ഉള്ളതാണ്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പറയുന്ന സമയത്ത് ഫുട്ടേജിനെക്കുറിച്ച് കേട്ടിട്ട് തുടക്കം മുതലേ അദ്ദേഹത്തിന് ഈ സിനിമയുടെ കാര്യത്തിൽ കൗതുകം ഉണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമ പൂർത്തിയായപ്പോൾ അത് കണ്ട് നോക്കാൻ ആ​ഗ്രഹമുണ്ടോ എന്ന് ഞാൻ ചോദിച്ചത്. അപ്പോൾ വളരെ താൽപര്യത്തോട് കൂടി അദ്ദേ​ഹം അത് ഇരുന്ന് കണ്ടു. ഭാഷയുടെ അതിരുകൾ ഇല്ലാതെയായി പോകുന്നതിന്റെ ​ഗുണം ഇങ്ങനെയായിരിക്കും. എനിക്ക് തോന്നുന്നു, അനുരാ​ഗ് കശ്യപ് മലയാളത്തിൽ ഒരു സിനിമ ആദ്യമായി അവതരിപ്പിക്കുന്നത് ‍ഞങ്ങളുടേതായിരിക്കും. അനുരാ​ഗ് കശ്യപ് എന്ന പേര് കാണുമ്പോൾ നമുക്ക് അത് ഇത്തരത്തിലുള്ള ഒരു സിനിമയായിരിക്കും എന്നൊരു തോന്നൽ ഉണ്ടാവും. പാത്ത് ബ്രേക്കിം​ഗ് ആയിട്ടുള്ള ഒത്തിരി സിനിമകൾ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. ഈ സിനിമയുടെ സ്വഭാവം ഒരുപക്ഷേ അദ്ദേഹത്തിന് ബന്ധപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടാവും. അതുകൊണ്ടാവും അദ്ദേഹം ഇങ്ങോട്ട് ഇത് അവതരിപ്പിക്കാം എന്ന് പറഞ്ഞിട്ടുണ്ടാവുക. എന്താണ് അടുത്തത് സംഭവിക്കുക എന്ന് പറയാൻ പറ്റാത്ത രീതിയാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക്. ആ ഒരു ഫ്ലേവർ ചിലപ്പോൾ ഈ സിനിമയിലും അദ്ദേഹം കണ്ടിട്ടുണ്ടാവും.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൂട്ടേജ്. മഞ്ജു വാര്യരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുരാ​ഗ് കശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in