അമ്മ അംഗത്വത്തിന് പോപ്പുലര്‍ ആക്ടറാകണമെന്നില്ല, സിനിമയില്‍ അഭിനയിച്ചിരിക്കണമെന്നതാണ് മാനദണ്ഡം; മണിയന്‍ പിള്ള രാജു

അമ്മ അംഗത്വത്തിന് പോപ്പുലര്‍ ആക്ടറാകണമെന്നില്ല, സിനിമയില്‍ അഭിനയിച്ചിരിക്കണമെന്നതാണ് മാനദണ്ഡം; മണിയന്‍ പിള്ള രാജു
Published on

താരസംഘടനയായ അമ്മ അംഗത്വത്തിനായി മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയാണെന്നും പോപ്പുലര്‍ താരങ്ങള്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സിനിമയില്‍ ഉള്ള എല്ലാവര്‍ക്കും അംഗത്വം കൊടുക്കുമെന്നാണ് സംഘടനയുടെ ബൈലോ എന്നും ഏതെങ്കിലും പടത്തില്‍ അഭിനയിച്ചിരിക്കണമെന്നത് മാത്രമാണ് ക്രൈറ്റീരിയ എന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു. പോപ്പുലറായ താരങ്ങള്‍ക്ക് മാത്രമേ അംഗത്വമുള്ളൂ എന്നൊരു തീരുമാനമില്ലെന്നും മണിയന്‍ പിള്ള രാജു ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

സിനിമാ സംഘടനകളില്‍ അംഗത്വമുള്ളവരുമായി മാത്രമേ കരാറിലേര്‍പ്പടുകയുള്ളൂ എന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തിന് പിന്നാലെയാണ് അംഗത്വത്തിന് ഇതുവരെ ശ്രമിക്കാത്ത യുവതാരങ്ങള്‍ ഉള്‍പ്പെടെ പലരും മെംബര്‍ഷിപ്പിനായി ശ്രമം തുടങ്ങിയത്. ജൂണ്‍ 25ന് കൊച്ചിയില്‍ നടക്കുന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിന് മുന്നോടിയായാണ് പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്.

എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുമ്പോള്‍ ഈ ഫോട്ടോ അപ്ലിക്കേഷന്‍ കാണിക്കും

സംഘടനയുടെ ബൈലെന്‍ തയ്യാറായതിന് ശേഷമുള്ള തീരുമാനമെന്തെന്നാല്‍ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുമ്പോള്‍ ഈ ഫോട്ടോ അപ്ലിക്കേഷന്‍ കാണിക്കും. ജൂനിയര്‍ ആര്‍ട്ടിസറ്റിനെപ്പോലെയാണോ അതോ ഡയലോഗ് പറയുന്ന എന്തെങ്കിലും സീന്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് നോക്കും.

എക്സീക്യൂട്ടീവ് മെമ്പേഴ്സില്‍ ആര്‍ക്കും മെംബര്‍ഷിപ്പിന് അപേക്ഷിക്കുന്ന അഭിനേതാവിനെ അറിയില്ലെങ്കില്‍ ആ അപ്ലിക്കേഷന്‍ നമ്മള്‍ മാറ്റി വയ്ക്കും. ഇപ്പോ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട് അമ്മയില്‍ അംഗത്വമില്ലാത്തവരുടെ കാര്യത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന്. അതുകൊണ്ട് തന്നെ ഇപ്പോള്‍ എല്ലാവരും അംഗത്വത്തിനായി വരുന്നുണ്ട്. അംഗത്വമെടുത്തവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. എല്ലാ ജോലി ചെയ്യുന്നവര്‍ക്കും അസോസിയേഷനുകള്‍ ഉണ്ട്. അംഗത്വം എടുക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നിയത് കൊണ്ടാവാം നേരത്തെ എടുക്കാത്ത പല അഭിനേതാക്കളും ഇപ്പോള്‍ അപേക്ഷിക്കാന്‍ തുടങ്ങിയത്.

സിനിമയില്‍ ഉള്ള എല്ലാവര്‍ക്കും അമ്മ അംഗത്വം കൊടുക്കും. അത്യാവശ്യം സംഭാഷണങ്ങളുള്ള ക്യാരക്ടര്‍ ചെയ്തിട്ടുള്ള ആളാണെങ്കില്‍ തീര്‍ച്ചയായും അംഗത്വം കൊടുക്കും. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ കുറച്ചു പേരുടെ അപേക്ഷകള്‍ വന്നിരുന്നു. ഇതിനൊപ്പം കാരക്ടര്‍ റോള്‍ ചെയ്ത അഭിനേതാക്കളുടെയും അപേക്ഷകള്‍ വന്നിട്ടുണ്ട്. ബാക്കി നമുക്കൊന്നും അറിഞ്ഞു കൂടാത്ത ഒരുപാട് പേരും ആപ്ലിക്കേഷന്‍ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് അംഗത്വം കൊടുക്കാന്‍ കഴിയില്ല. അത് നമ്മള്‍ ഇന്‍ഡിപെന്‍ഡന്റായി എടുത്ത തീരുമാനമല്ല. ഈ മാസം 24ന് നടക്കുന്ന എക്‌സിക്യുട്ടീവ് മീറ്റിങ്ങില്‍ പുതുതായി അംഗത്വം കൊടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എക്സീക്യൂട്ടീവ്‌മെമ്പേഴ്സ് ആരെങ്കിലും പറയുമല്ലോ ഞങ്ങള്‍ക്ക് അറിയാം ഇയാളെ, ഇന്ന സിനിമയില്‍ അഭിനയിച്ചതാണ്, മാഗസീനില്‍ കണ്ടിട്ടുണ്ട് എന്നൊക്കെ. എല്ലാവരും അംഗത്വം എടുക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളാണ് പലരോടും നിങ്ങള്‍ മെമ്പര്‍ഷിപ്പ് എടുക്കണം എന്ന് പറയാറുള്ളത്.

അംഗമല്ലാത്ത ഒരാള്‍ കബളിപ്പക്കപ്പെട്ടാല്‍ അമ്മക്ക് ഇടപെടാനാകില്ല

അമ്മയില്‍ അംഗമല്ലാത്ത ഒരാള്‍ സിനിമയില്‍ അഭിനയിച്ച ശേഷം പ്രൊഡ്യൂസര്‍ പണം തരാതെ കബളിപ്പിച്ചു എന്നൊരു പരാതി വന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ സംഘടനക്ക് അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതേ സമയം അംഗത്വമുള്ള ഒരാളാണെങ്കില്‍ അമ്മയില്‍ പരാതിപ്പെടാം. അങ്ങനെ വരുമ്പോള്‍ അമ്മ സംഘടന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. സംഘടനാ തലത്തില്‍ ഇടപെടും. അങ്ങനെ തന്നെയാണ് ടെക്നീഷ്യന്‍സിന്റെ കാര്യമാണെങ്കിലും നടക്കുന്നത്. അവര്‍ക്കും ഇതുപോലെ പ്രശ്നങ്ങള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അവരവരുടെ അസോസിയേഷനില്‍ പറയാന്‍ സാധിക്കും. അതുകൊണ്ട് തന്നെ സംഘടനയില്‍ അംഗമാവുന്നത് കൊണ്ട് ഗുണമാണ് ഉള്ളത്.

ലഹരി പ്രശ്‌നത്തില്‍ അംഗത്വം കൊണ്ട് കാര്യമില്ല

സെറ്റില്‍ ഒരാള്‍ ഡ്രഗ്സോ കഞ്ചാവോ കൊണ്ടു വന്നാല്‍ അയാളെ പോലീസ് പിടിക്കും അങ്ങനെയുള്ള സാഹചര്യത്തില്‍ അമ്മ പോലൊരു സംഘടനക്ക് ഒന്നും ചെയ്യാനാകില്ല. അത് അയാള് ചെയ്ത തെറ്റാണ്. അതിന് അയാള്‍ ശിക്ഷിക്കപ്പെടണം. ഒരാള്‍ക്ക് പേയ്‌മേന്റ് ഇഷ്യു വന്നാല്‍ പരിഹരിക്കാം, അല്ലെങ്കില്‍ ആരെങ്കിലും അപമര്യാദയായി പെരുമാറി തുടങ്ങിയ കാര്യങ്ങളിലൊക്കെ സംഘടനയ്ക്ക് ഇടപെടാം എന്നല്ലാതെ പേഴ്സനലായി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിലോ, കുറ്റകൃത്യങ്ങളിലോ സംഘടന ഇടപെടില്ല. അതിന് ഇവിടെ കോടതിയും കാര്യങ്ങളുമൊക്കെയുണ്ട് അവിടെ പോകേണ്ടി വരും.

Related Stories

No stories found.
logo
The Cue
www.thecue.in