ഗഗനചാരി എന്ന സിനിമയ്ക്ക് മുൻപേ എഴുതിയതാണ് മണിയൻ ചിറ്റപ്പന്റെ കഥയെന്ന് അരുൺ ചന്തു . മണിയൻ ചിറ്റപ്പൻ സിനിമയാക്കാൻ വലിയ ബഡ്ജറ്റും വലിയ സ്റ്റാറും ആവശ്യമായപ്പോഴാണ് ഗഗനചാരിയുടെ എഴുത്തിലേക്ക് തിരിയുന്നതെന്നും അരുൺ ചന്തു പറഞ്ഞു. ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, കെ ബി ഗണേഷ്‌കുമാർ, അജുവർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത സയൻസ്ഫിക്ഷൻ സിനിമയായ ഗഗനചാരി തീയറ്ററിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. സംവിധായകന്റെ പുതിയതായി പ്രഖ്യാപിച്ച ചിത്രമാണ് മണിയൻ ചിറ്റപ്പൻ. സിനിമയുടെ പ്രീ വർക്കുകൾ നടക്കുന്നുണ്ടെന്നും മണിയൻ ചിറ്റപ്പന്റെ സ്പേയ്സ്ഷിപ് ഡിസൈൻ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അരുൺ ചന്തു പറഞ്ഞു.
അരുൺ ചന്തു പറഞ്ഞത്:
മണിയൻ ചിറ്റപ്പൻ ആണ് ഞങ്ങൾ ആദ്യം എഴുതുന്നത്. റിക്ക് ആൻഡ് മോർട്ടിയുടെ വലിയ ഫാൻസ് ആണ് ഞങ്ങൾ. റിക്ക് ആൻഡ് മോർട്ടി പക്ഷെ മെയിൻ സ്ട്രീമുമായി തീരെ കണക്ട് ആവാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ കുറേക്കൂടെ സിംപ്ലിഫയ് ചെയ്ത് മനു അങ്കിളും റിക്ക് ആൻഡ് മോർട്ടിയും ഡോക്ടർ സ്ട്രേഞ്ചും ചേർത്താണ് മണിയൻ ചിറ്റപ്പൻ എഴുതിയിട്ടുള്ളത്. എഴുതി വന്നപ്പോ അതൊരു വലിയ ബഡ്ജറ്റിലുള്ള സിനിമയായി, വലിയൊരു സ്റ്റാറിന്റെ ആവശ്യകത സിനിമയ്ക്കുണ്ടായി. പിന്നീടാണ് ഗഗനചാരി സംഭവിക്കുന്നത്. മണിയൻ ചിറ്റപ്പൻ ഞങ്ങൾക്ക് പ്രഷ്യസ്സാണ്. ഒരു സൂപ്പർ സ്റ്റാറിനുള്ള ഫാൻ സർവീസ് ആയിരിക്കും അത്. മാണ്ഡലോറിയൻ പോലെ ഒരു കഥാപാത്രത്തെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടാവില്ല. പക്ഷെ മണിയൻ ചിറ്റപ്പൻ ഒരു ബൗണ്ടി ഹണ്ടർ ഒന്നുമല്ല. ഒരു മാഡ് സയന്റിസ്റ്റിന്റെ അഡ്വെഞ്ചർ ആയിരിക്കും ഇതിലുണ്ടാവുക. മലയാളികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ അതുണ്ടാക്കിയെടുക്കാൻ ഞങ്ങൾ ശ്രമിക്കും. സിനിമയ്ക്ക് വേണ്ടി കുറച്ചു പ്രീ വർക്കുകൾ ചെയ്തിട്ടുണ്ട് . മണിയൻ ചിറ്റപ്പന്റെ സ്പേയ്സ്ഷിപ് ഡിസൈൻ ചെയ്തുകൊണ്ടിരിക്കുകയാണ്.
'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് ഗഗനചാരി. തിയ്യറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രം, മികച്ച ഫീച്ചർ ഫിലിം, മികച്ച വിഷ്വൽ എഫ്‌ഫെക്ട്‌സ് എന്ന വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ് എന്നിവ ചിത്രം കരസ്ഥമാക്കി. തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും, അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.