'ഞാൻ സായ് പല്ലവിയുടെ വലിയ ആരാധകൻ, ഒരുമിച്ചൊരു സിനിമ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; മണിരത്നം

'ഞാൻ സായ് പല്ലവിയുടെ വലിയ ആരാധകൻ, ഒരുമിച്ചൊരു സിനിമ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; മണിരത്നം
Published on

നടി സായ് പല്ലവിയുടെ ആരാധകനാണ് താൻ എന്ന് സംവിധായകൻ മണിരത്നം. ശിവകാർത്തികേയൻ - സായ് പല്ലവി ചിത്രം 'അമരന്റെ' ഓഡിയോ ലോഞ്ചിൽ സംസാരിക്കവേയാണ് നടി സായ് പല്ലവിയോടുള്ള തന്റെ ആരാധന മണിരത്നം തുറന്നു പറഞ്ഞത്. സായ് പല്ലവിയുടെ വലിയ ആരാധകനാണ് താൻ എന്നും ഒരിക്കൽ സായ് പല്ലവിക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മണിരത്നം പറഞ്ഞു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് തനിക്ക് അധികം സംവിധായകരുടെ പേര് അറിയുമായിരുന്നില്ലെന്നും എന്നാൽ മണിരത്നം എന്ന പേര് തനിക്ക് എന്നും അറിയാവുന്ന ഒന്നായിരുന്നുവെന്നും തിരക്കഥകൾ തെരഞ്ഞെടുക്കുന്നതിൽ താൻ കാണിക്കുന്ന ശ്രദ്ധയുടെ കാരണം അദ്ദേഹമാണ് എന്നും വേദിയിൽ സായ് പല്ലവി പറഞ്ഞു.

സായ് പല്ലവി പറഞ്ഞത്:

സിനിമയിൽ വരുന്നതിന് മുമ്പ് ഒരുപാട് സംവിധായകരുടെ ഒന്നും പേര് എനിക്ക് അറിയുമായിരുന്നില്ല, എനിക്ക് എപ്പോഴും അറിയാമായിരുന്നു ഒരു പേര് മണിരത്നം എന്ന പേരായിരുന്നു. ഞാൻ തിരക്കഥകൾ ശ്രദ്ധിച്ചു മാത്രം തെരഞ്ഞുടുക്കാൻ തുടങ്ങിയതിന് കാരണവും അദ്ദേഹമാണ്.

വേദിയിൽ നടൻ ശിവകാർത്തികേയനെയും മണിരത്നം പ്രശംസിച്ചു. 'ചിലർ വന്നതും വലിയ ഹീറോസ് ആയി മാറും. ചിലർ മാത്രമേ പടി പടിയായി വളരുകയുള്ളൂ. എസ് കെ അതുപോലെയാണ് വന്നത്. നിങ്ങൾ എന്നെപ്പോലെയാണ് ശിവ. നിങ്ങൾ പലർക്കും ഒരു പ്രചോദനവുമാണ്,' ശിവകാർത്തികേയനെക്കുറിച്ച് മണിരത്നം പറഞ്ഞു.

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് അമരൻ. ചിത്രം ഒക്ടോബർ 31 ന് തിയറ്ററുകളിൽ എത്തും. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട മുകുന്ദ്, തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്.

ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. മേജർ മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. സായ് പല്ലവിയാണ് അമരനിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്നത്. നിർമാതാവ് കൂടിയായ കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in