ഗം​ഗയും നകുലനും സണ്ണിയും വീണ്ടുമെത്തുന്നു; മണിച്ചിത്രത്താഴ് ആഗസ്റ്റ് 17-ന് റീ റിലീസ്

ഗം​ഗയും നകുലനും സണ്ണിയും വീണ്ടുമെത്തുന്നു; മണിച്ചിത്രത്താഴ് ആഗസ്റ്റ് 17-ന് റീ റിലീസ്
Published on

റിലീസ് ചെയ്ത് 30 വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും തിയറ്ററിലേക്ക് എത്താനൊരുങ്ങുകയാണ് ഫാസിൽ ചിത്രം മണിച്ചിത്രത്താഴ്. ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. 1993-ല്‍ മധു മുട്ടത്തിന്റെ തിരക്കഥയില്‍ മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സെെക്കോളജിക്കല്‍ ത്രില്ലറുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രം കൂടിയാണ് ഇത്.

കേന്ദ്ര കഥാപാത്രങ്ങളായ ഗംഗയായും നാഗവല്ലിയായും അഭിനയിച്ച നടി ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. സാമ്പത്തിക വിജയത്തിന് പുറമെ മികച്ച നിരൂപക പ്രശംസയും നേടിയ ചിത്രം ബോളിവുഡില്‍ ഉള്‍പ്പടെ നാലോളം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. കന്നടയിൽ ആപ്തമിത്ര, തമിഴിൽ ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ കേരളീയം 2023-നോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി സം​ഘടിപ്പിച്ച ചലച്ചിത്രമേളയിൽ മുമ്പ് മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചിരുന്നു. മലയാള ക്ലാസിക് ചിത്രങ്ങളുടെ പ്രദർശനത്തിന്റെ ഭാ​ഗമായി പ്രദർശിപ്പിച്ച ചിത്രത്തിന് അന്ന് വലിയ തരത്തിലുള്ള ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിരക്ക് വർധിച്ചതോടെ അന്ന് രണ്ട് അധിക ഷോകളും ചിത്രത്തിനായി ഏർപ്പെടുത്തി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേസമയം പുറത്ത് ആയിരത്തിലധികം പേര്‍ കാത്തുനിന്നു. തിയേറ്റര്‍ കോമ്പൗണ്ടില്‍ അറുന്നൂറോളം പേര്‍ ക്യൂ നിന്നു, ഗേറ്റിനുപുറത്ത് മഴ വകവെക്കാതെ ആയിരത്തോളംപേര്‍ അക്ഷമരായി കാത്തു.

സംഗീതം : എം.ജി. രാധാകൃഷ്ണൻ. പശ്ചാത്തലസംഗീതം: ജോൺസൺ, ഗാനരചന : ബിച്ചു തിരുമല, മധു മുട്ടം, വാലി. ഛായാഗ്രഹണം : വേണു. ചിത്രസംയോജനം : ടി.ആർ. ശേഖർ, സ്റ്റുഡിയോ : സ്വർഗ്ഗചിത്ര. ബെന്നി ജോൺസൺ, ധനുഷ് നായനാർ, സോമൻ പിള്ള, അജിത്ത് രാജൻ, ശങ്കർ, പി എൻ മണി, സൂര്യ ജോൺ, മണി സുചിത്ര, വേലായുധൻ കീഴില്ലം, ജിനേഷ് ശശിധരൻ, ബാബു ഷാഹിർ, എം ആർ രാജാകൃഷ്ണൻ. പി ആർ ഒ : വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് : അരുൺ പൂക്കാടൻ

Related Stories

No stories found.
logo
The Cue
www.thecue.in