റീ റിലീസിലും തെക്കിനിയില്‍ തിരക്ക്; മണിച്ചിത്രത്താഴിന്റെ ആറ് ദിവസത്തെ കലക്ഷന്‍

റീ റിലീസിലും തെക്കിനിയില്‍ തിരക്ക്; മണിച്ചിത്രത്താഴിന്റെ ആറ് ദിവസത്തെ കലക്ഷന്‍
Published on

31 വര്‍ഷത്തിന് ശേഷവും തിയറ്ററില്‍ കാണികളെ നിറച്ച് 'മണിച്ചിത്രത്താഴ്'. ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാളം കണ്ട ഏറ്റവും മികച്ച ത്രില്ലറുകളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസിനും വലിയ തിരക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളില്‍ 2.10 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 17 നായിരുന്നു ചിത്രത്തിന്റെ റീ റിലീസ്. തിയറ്ററില്‍ തിരിച്ചെത്തുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകതയും മണിച്ചിത്രത്താഴിനുണ്ട്. റീ റിലീസിലും ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം അത്ഭുതകരമാണ്.

മലയാളത്തിലെ ലക്ഷണമൊത്ത സൈക്കോളജിക്കല്‍ ത്രില്ലറായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, വിനയ പ്രസാദ്, കെ ബി ഗണേഷ്‌കുമാര്‍, സുധീഷ്, കുതിരവട്ടം പപ്പു, ശ്രീധര്‍, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങളും മലയാളിക്ക് വളരെ സുപരിചിതമാണ്. എം ജി രാധാകൃഷ്ണന്റെ ഈണത്തിന് വരികളെഴുതിയത് ബിച്ചു തിരുമലയായിരുന്നു. 1993ല്‍ റിലീസ് ചെയ്ത സിനിമ ഇന്ത്യയിലെ 4 ഭാഷകളിലേക്കാണ് റീമേക്ക് ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് നടി ശോഭനയ്ക്ക് ദേശിയ പുരസ്‌കാരവും ലഭിച്ചിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതന്‍ എന്ന മോഹന്‍ലാല്‍ ചിത്രവും റീ റിലീസ് ചെയ്തിരുന്നു. ചിത്രത്തിനും മികച്ച അഭിപ്രായമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

കേരള സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച കേരളീയം പരിപാടിയിലും മണിച്ചിത്രത്താഴ് പ്രദര്‍ശിപ്പിച്ചിരുന്നു. വലിയ തിരക്ക് അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അന്ന് സിനിമയുടെ അധിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്നത് വാര്‍ത്തയായിരുന്നു. അതേ സമയം ചിത്രത്തിന്റെ ടൈറ്റില്‍ ക്രെഡിറ്റില്‍ സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി ഗായകന്‍ ജി വേണുഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്തത്തിയിരുന്നു. ചിത്രത്തില്‍ പാട്ട് പാടിയിട്ടും ടൈറ്റില്‍ ക്രെഡിറ്റിലെ ഗായകരുടെ ലിസ്റ്റില്‍ തന്റെ പേരില്ല എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഗായകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in